‘പ്രണയദിനത്തിൽ’ പ്രിയതമന് കരൾ കൈമാറി പ്രവിജ; കോട്ടയം മെഡിക്കൽ കോളേജിലെ ആദ്യ കരൾമാറ്റ ശസ്ത്രക്രിയ പൂർത്തിയായി; രാത്രി വൈകിയും കാത്തിരുന്ന് ആരോഗ്യമന്ത്രി

കോട്ടയം: പ്രണയദിന്തിൽ പ്രിയതമന് വേണ്ടി ജീവൻ പകുത്തു നൽകി പ്രവിജ പുതിയ സന്ദേശം പകർന്നു. ഭർത്താവ് സുബീഷിന് പ്രവിജ കരൾ പകുത്തു നൽകുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ രാത്രി 10.30നാണ് അവസാനിച്ചത്. ഇന്നലെ രാവിലെ ആറിന് ആരംഭിച്ച ശസ്ത്രക്രിയ 17 മണിക്കൂർ നീണ്ടു. തൃശൂർ കുന്നംകുളം, വേലൂർ കോട്ടപ്പടി, വട്ടേക്കാട്ടിൽ സുബീഷിന്റെ (42) കരൾ മാറ്റിവയ്ക്കലാണ് പൂർത്തിയായത്. ഭാര്യ പ്രവിജ (39) യാണു കരൾദാതാവ്.

പഴക്കട നടത്തുന്ന സുബീഷ് 6 വർഷമായി കരൾ രോഗത്തിനു ചികിത്സയിലായിരുന്നു. മെഡിക്കൽ കോളജ് ഗ്യാസ്‌ട്രോ സർജറി വിഭാഗം മേധാവി ഡോ. ആർഎസ് സിന്ധുവിന്റെ നേതൃത്വത്തിൽ 29 ഡോക്ടർമാരും 9 ടെക്‌നീഷ്യൻമാരും അടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

കോട്ടയം മെഡിക്കൽ കോളജിലെ ആദ്യത്തേതും സംസ്ഥാനത്തെ സർക്കാർ മേഖലയിലെ രണ്ടാമത്തേതുമായ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണിത്. മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ മാത്രമാണു സർക്കാർ മേഖലയിൽ ഈ ശസ്ത്രക്രിയ നടന്നിട്ടുള്ളത്. ശസ്ത്രക്രിയയ്ക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ടികെ ജയകുമാർ, ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം ഡോ. സിന്ധു തുടങ്ങി എല്ലാ ടീം അംഗങ്ങളേയും ആരോഗ്യ മന്ത്രി വീണാ ജോർജ് നേരിട്ടുകണ്ട് സംസാരിച്ചു. ശസ്ത്രക്രിയ കഴിയുന്നതുവരെ രാത്രി ഏറെ വൈകിയും മന്ത്രി ശസ്ത്രക്രിയ സംഘത്തെ കാണാനായി കാത്തിരുന്നു.

ALSO READ- ശരീരം തളർന്ന് പാളത്തിൽ നിന്നും എണീക്കാനാവാതെ വിമുക്തഭടൻ വിജയൻ; ട്രെയിൻ അടുത്തെത്തി, ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തം നടത്തി ഒരമ്മയും മകനും! നിറകൈയ്യടി

മുമ്പ് തന്നെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സജ്ജീകരണങ്ങളൊരുക്കുന്നതിനായി മന്ത്രിയുടെ നേതൃത്വത്തിൽ പല തവണ യോഗം ചേർന്നിരുന്നു. ശസ്ത്രക്രിയയുടെ ഒന്നാം ഘട്ടം വൈകിട്ട് അഞ്ചിനു പൂർത്തിയായി. പ്രവിജയുടെ കരളിന്റെ ഇടതുഭാഗത്തെ 40% ഭാഗം ശസ്ത്രക്രിയ ചെയ്‌തെടുത്തു. ഒപ്പം സുബീഷിന്റെ കരളിൽ നിന്നു നീക്കം ചെയ്യേണ്ട ഭാഗവും മാറ്റി. വൈകിട്ട് അഞ്ചരയോടെ ഭാര്യയുടെ കരളിന്റെ ഭാഗം സുബീഷിനു വച്ചുപിടിപ്പിക്കുന്ന നടപടി തുടങ്ങി. രാത്രി 9.14നു പ്രവിജയുടെ ശസ്ത്രക്രിയ പൂർത്തിയാക്കി ഐസിയുവിലേക്കു മാറ്റി.

രാത്രി 10.30നു സുബീഷിന്റെ ശസ്ത്രക്രിയ പൂർത്തിയായെന്നും ഒരു മണിക്കൂർ നിരീക്ഷണത്തിനു ശേഷം വെന്റിലേറിലേക്കു മാറ്റിയെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ടികെ ജയകുമാർ പറഞ്ഞു. ഇനി 48 മണിക്കൂർ നിർണായകമാണ്. പുതിയ കരൾഭാഗത്തോടു സുബീഷിന്റെ ശരീരത്തിന്റെ പ്രതികരണത്തെ നിയന്ത്രിച്ച് കരളിന്റെ പ്രവർത്തനം സുഗമമാക്കുകയാണു ചികിത്സയിലെ മറ്റൊരു പ്രധാന ഘട്ടം.

Exit mobile version