കാവി നിറം കണ്ണിന് കുളിര്‍മ്മയേകുന്നത്! മുസ്ലീമിന്റെ നിറമല്ല പച്ച: മുസ്ലീം ലീഗ് തന്നെ ഇസ്ലാം വിരുദ്ധനാക്കാന്‍ ശ്രമിക്കുന്നു, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: ഹിജാബ് വിവാദത്തിലും ഏക സിവില്‍ കോഡ് വിഷയത്തിലും നിലപാട് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഹിജാബ് വിവാദം മുസ്ലിം പെണ്‍കുട്ടികളെ വീടകങ്ങളില്‍ തളച്ചിടാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ദുഷിച്ച ആസൂത്രണമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗവര്‍ണറുടെ പ്രതികരണം.

കാവി നിറം തനിക്ക് കണ്ണിന് കുളിര്‍മ്മയേകുന്നതാണ്. മുസ്ലീമിന്റെ നിറമല്ല പച്ച. താന്‍ സംസാരിക്കുന്നത് ഖുറാന്‍ അടിസ്ഥാനമാക്കിയാണ്. മുസ്ലീം ലീഗ് തന്നെ ഇസ്ലാം വിരുദ്ധനാക്കാന്‍ ശ്രമിക്കുകയാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

താന്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ ഏക സിവില്‍കോഡിനെ അനുകൂലിക്കുെന്നെന്ന നിലപാട് വ്യക്തമാക്കി. ഏക സിവില്‍കോഡ് ആരുടെയും അവകാശവും സ്വത്വവും ഹനിക്കാനല്ല. വിവാഹനിയമങ്ങള്‍ എല്ലാ വിഭാഗത്തിനും ഏകീകരിക്കപ്പെടും.

മുസ്ലീം വിവാഹങ്ങളില്‍ എത്ര പേര്‍ കൃത്യമായി വധുവിന് മെഹര്‍ കൊടുക്കുന്നുണ്ട്. ഹിജാബ് നിരോധനത്തിനെതിരായ പ്രതിഷേധങ്ങളില്‍ ഗൂഢാലോചനയുണ്ട്, ദുഷിച്ച ആസൂത്രണമാണത്. ഇസ്ലാമില്‍ അന്തര്‍ലീനമാണ് ഹിജാബ് എന്ന് പറയുന്നവരാണ് ഗൂഢാലോചനക്കാര്‍.

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ആശയ പ്രകാശനത്തിന് എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. പ്രതിഷേധങ്ങള്‍ വ്യക്തമാക്കുന്നതും ഇന്ത്യന്‍ ജനാധിപത്യം നല്‍കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചാണ്. സ്ത്രീ ധരിക്കേണ്ട ഷാളിനെക്കുറിച്ച് ഖുറാന്‍ പറയുന്നുണ്ട്. ഹിജാബ് വലിച്ചെറിയുന്നതിനെക്കുറിച്ചല്ല ചോദ്യം. ഞാന്‍ സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നു.

ധരിക്കേണ്ട വസ്ത്രം ഏതായിരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോരുത്തര്‍ക്കുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. 1986 മുതല്‍ അവര്‍ (മുസ്ലീം ലീഗ്) എന്നെ കരിവാരിതേക്കുകയാണ്. ഞാന്‍ ഖുറാനെതിരാണെന്നാണ് പറയുന്നത്. എനിക്ക് രാഷ്ട്രീയ ചര്‍ച്ചകളിലിടപെടാന്‍ താല്പര്യമില്ല. ഞാന്‍ ഖുറാനിലുള്ളതാണ് പറയുന്നത്. എന്നെ പഠിപ്പിക്കുന്നതിന് എനിക്ക് അവരോട് നന്ദിയുണ്ട്.

കാവി എനിക്ക് പരിത്യാഗത്തിന്റെ നിറമാണ്. ത്യാഗത്തിന്റെയും മറ്റുള്ളവര്‍ക്കായി ജീവിക്കുന്നതിന്റെയും സൂചകമാണത്. പച്ച മുസ്ലീങ്ങളുടെ നിറമല്ല. അത് സമൃദ്ധിയുടെ നിറമാണ്. 1986ല്‍ ഞാന്‍ രാജിവെക്കുമ്പോള്‍ ബിജെപിക്ക് രണ്ട് എംപിമാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. 25ാമത്തെ വയസ്സില്‍ മന്ത്രിയായതാണ് ഞാന്‍. നരേന്ദ്രമോഡിയുമായി മൂന്ന് തവണ മാത്രമാണ് നേരിട്ട് കൂടിക്കാഴ്ച നടത്തിയിട്ടുള്ളത്.

ഹിജാബിന് വേണ്ടി വാദിക്കുന്നവര്‍ക്ക് പിന്നില്‍ മുസ്ലീം പെണ്‍കുട്ടികളെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ഗൂഢാലോചനയാണെന്ന് നേരത്തെ ഗവര്‍ണര്‍ അഭിപ്രായപ്പെട്ടിരുന്നു.

എല്ലാ പഠന മേഖലകളിലും ഏറ്റവും മുന്നില്‍ പെണ്‍കുട്ടികളാണ്. ഇസ്ലാം മത വിശ്വാസ പ്രകാരം ഹിജാബ് നിര്‍ബന്ധമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങള്‍ പാലിക്കപ്പെടണം. ഹിജാബിനെ പ്രവാചകന്റെ കാലത്ത് തന്നെ സ്ത്രീകള്‍ എതിര്‍ത്തിരുന്നുവെന്ന് കഴിഞ്ഞ ദിവസവും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു. പ്രവാചകന്റെ കാലത്തെ സ്ത്രീകള്‍ ഹിജാബ് അനാവശ്യമെന്ന് വിശ്വസിച്ചിരുന്നു, ദൈവം അനുഗ്രഹിച്ചു നല്‍കിയ സൗന്ദര്യം മറച്ചു വെക്കാനുള്ളതല്ല എന്ന് ആദ്യ തലമുറയിലെ സ്ത്രീകള്‍ വാദിച്ചിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

Exit mobile version