‘അല്ലാഹു അക്ബര്‍’ മുഴക്കി ഒറ്റയാള്‍ പ്രതിഷേധം; വിദ്യാര്‍ഥിനിയ്ക്ക് അഞ്ചു ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ജാമിയത്- ഉലമ, ഫാത്തിമ ഷെയ്ഖ് പുരസ്‌കാരം നല്‍കുമെന്ന് തമിഴ്‌നാട് മുസ്‌ലിം മുന്നേറ്റ കഴകം

ബംഗളൂരു: കര്‍ണാടകയിലെ കോളജുകളില്‍ ഹിജാബ് ധരിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ അവകാശ സമരത്തിനിടെ, സംഘ്പരിവാര്‍ പ്രതിഷേധക്കാര്‍ക്കിടയിലൂടെ ഹിജാബ് ധരിച്ചെത്തി, അല്ലാഹു അക്ബര്‍ മുഴക്കി നേരിട്ട വിദ്യാര്‍ഥിനിക്ക് അഞ്ചു ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ജാമിയത്- ഉലമ- ഇ- ഹിന്ദ്.

മാണ്ഡ്യയിലെ പിഇഎസ് കോളജിലെ വിദ്യാര്‍ത്ഥിനിയായ മുസ്‌കാന്‍ ഖാനിനാണ് സംഘടന പാരിതോഷികം പ്രഖ്യാപിച്ചത്. മുസ്‌കാന്‍ ഖാന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

കോളജിലേക്ക് കറുത്ത പര്‍ദയും ഹിജാബും അണിഞ്ഞ് സ്‌കൂട്ടറിലാണ് മുസ്‌കാന്‍ എത്തിയത്. വാഹനം പാര്‍ക്ക് ചെയ്ത് ക്ലാസിലേക്ക് നടന്നുവരുന്ന പെണ്‍കുട്ടിക്ക് നേരെ ജയ് ശ്രീറാം വിളിച്ച് പ്രതിഷേധക്കാര്‍ എത്തുകയായിരുന്നു.

കാവി ഷാള്‍ വീശി മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാരെ നോക്കി പെണ്‍കുട്ടി, അല്ലാഹു അക്ബര്‍ എന്ന് ഉറക്കെ വളിച്ചു. ഹിജാബ് ധരിക്കുന്നത് തന്റെ അവകാശമാണ് എന്നും വിളിച്ചു പറഞ്ഞു.

ഇതിന് പിന്നാലെ മുസ്‌കാന് പിന്തുണയുമായി കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ ബെംഗളൂരുവും രംഗത്തെത്തി. ഇന്ത്യന്‍ പൗരയെന്ന നിലയില്‍ തന്റെ ‘അവകാശം ഉറക്കെ പ്രഖ്യാപിച്ചതിന്’ മാണ്ഡ്യ പെണ്‍കുട്ടി മുസ്‌കാന് പുരസ്‌കാരം നല്‍കുമെന്ന് തമിഴ്‌നാട് മുസ്‌ലിം മുന്നേറ്റ കഴകവും (ടിഎംഎംകെ) പ്രഖ്യാപിച്ചു.

”ആക്രോശവുമായി ആര്‍ത്തുവരുന്ന ആള്‍ക്കൂട്ടത്തിനിടയിലൂടെ വിശ്വാസവീര്യം ഒരു തരി ചോര്‍ന്നുപോവാതെ ഉറച്ച കാലടികളോടെ കലാലയ പടികള്‍ ചവിട്ടികയറിയ ബീവി മുസ്‌കാനെ നേരില്‍ കണ്ട് അഭിനന്ദിച്ചെന്ന് ബംഗളുരു കെഎംസിസി കുറിപ്പിലൂടെ അറിയിച്ചു.

പര്‍ദ്ദയും ഹിജാബും പെണ്ണിന്റെ പ്രൈവസിയാണ് അത് ധരിക്കുന്നവരെ ഇല്ലായ്മചെയ്യാന്‍ ശ്രമിക്കുന്നത് വ്യത്യസ്ത മതങ്ങളേയും അവരുയര്‍ത്തിപ്പിടിക്കുന്ന വിശ്വാസങ്ങളേയും ആദരവോടെ അടയാളപ്പെടുത്തിയ ഇന്ത്യന്‍ ഭരണഘടനക്ക് നേരെയുളള ചാട്ടുളിയേറാണെന്ന് ബംഗളുരു കെഎംസിസി പറഞ്ഞു.

രാജ്യത്തെ ആദ്യ മുസ്‌ലിം അധ്യാപികയായ ഫാത്തിമ ഷെയ്ഖിന്റെ പേരിലുള്ള പുരസ്‌കാരം മുസ്‌കാന് പ്രഖ്യാപിച്ചാണ് തമിഴ്‌നാട് മുസ്‌ലിം മുന്നേറ്റ കഴകം പിന്തുണ അറിയിച്ചത്.

‘ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച കാവിപ്പടയ്ക്കു മുന്നില്‍ നിര്‍ഭയമായി നിന്നുകൊണ്ട് ഇന്ത്യന്‍ പൗരനെന്ന നിലയില്‍ തന്റെ അവകാശം ഉറപ്പിച്ച മുസ്‌കാന് ഫാത്തിമ ഷെയ്ഖ് അവാര്‍ഡ് നല്‍കും’- ടി.എം.എം.കെ. എം പ്രധിനിധി എച്ച്. ജവഹറുല്ല തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു.

Exit mobile version