കേരളത്തിലെ നഗരങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും സപ്ലൈകോയുടെ ഓൺലൈൻ സൗകര്യം ലഭ്യം: മന്ത്രി ജിആർ അനിൽ

കൊച്ചി: സപ്ലൈകോയുടെ ഓൺലൈൻ വിൽപനയും ഹോം ഡെലിവറിയും സംസ്ഥാനത്തെ നഗരങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും ആരംഭിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ. ജിആർ അനിൽ അറിയിച്ചു. കൊച്ചി നഗരത്തിലെ ഓൺലൈൻ വിൽപനയുടെയും ഹോം ഡെലിവറിയുടെയും സി എഫ്ആർഡി – സി എഫ് ടി കെ മൊബൈൽ ആപ്പിന്റെയും ഓൺലൈൻ ഉദ്ഘാടനം ഗാന്ധിനഗറിലെ സപ്ലൈകോ ആസ്ഥാനത്ത് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ALSO READ- സപ്ലൈകോ ഓൺലൈൻ വിൽപനയും ഹോം ഡെലിവറിയും കൊച്ചി കോർപ്പറേഷനിലും, മന്ത്രി ജിആർ അനിൽ ഉദ്ഘാടനം ചെയ്തു

മാർച്ച് മുപ്പത്തൊന്നോടെ സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലും ഈ സൗകര്യം ലഭ്യമാകും. സപ്ലൈകോ വിൽപനശാലകൾ വിപുലീകരിക്കുകയും പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ എത്തിക്കുകയുമാണ് പൊതുമേഖലാ സംരംഭമായ സപ്ലൈകോ ചെയ്യുന്നത്. തനതു ഉത്പാദകരെ സഹായിക്കുക എന്ന കടമ കൂടി ഈ പൊതുമേഖലാ സ്ഥാപനം നിർവ്വഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

പൊതുജനങ്ങളെ പരമാവധി സഹായിക്കുന്നതിനോടൊപ്പം കർഷകരെ സഹായിക്കുന്ന നടപടികളാണ് സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നത്. കർഷകർക്ക് വില സമയബന്ധിതമായി നൽകാനും കഴിയുന്നുണ്ട്. ഓണക്കിറ്റിൽ കേരളത്തിലെ കർഷകരുടെ ഉല്പന്നങ്ങൾക്ക് പ്രാധാന്യം നൽകിയതിലൂടെ വിപണിയിൽ മാറ്റം ഉണ്ടാക്കാനായി. കർഷകർക്ക് അതു ഗുണകരമായെന്നും അദ്ദേഹം പറഞ്ഞു.

ALSO READ- രുചിമുകുളുങ്ങൾക്ക് വിരുന്നൊരുക്കാൻ ശബരി സാമ്പാർ-രസം കറിക്കൂട്ടുകൾ; ഞൊടിയിടയിൽ ഇനി തയ്യാറാക്കാം

മറ്റ് സംസ്ഥാനങ്ങളിൽ നിന്നു വാങ്ങുന്ന ഉല്പന്നങ്ങൾ വാങ്ങുന്നതിനേക്കാൾ വില കുറച്ചാണ് സപ്ലൈകോ ജനങ്ങൾക്ക് നല്കുന്നത്. ഇതു മൂലം വിലക്കയറ്റ ഭീഷണിയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനായി. ഈ രീതിയിലുള്ള പ്രവർത്തനങ്ങൾ സർക്കാർ തുടരുകയാണെന്നും പുതിയ സംരംഭങ്ങളിലൂടെ സപ്ലൈകോ കൂടുതൽ ജനങ്ങളിലേക്കെത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. സപ്ലൈകേരള മൊബൈൽ ആപ്പ് ഉപയോഗിച്ച് ഓൺലൈൻ ബുക്കിങ്ങ് നടത്താം.

ഓൺലൈൻ ഉദ്ഘാടനത്തിൽ ടിജെ വിനോദ് എംഎൽഎ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ബിന്ദു ശിവൻ ആദ്യ ഓൺലൈൻ ഓർഡർ നൽകി. കൗൺസിലറായ മാലിനി കുറുപ്പ് ആശംസ നേർന്നു. സപ്ലൈകോ എംഡി ഡോ.സഞ്ജീബ് കുമാർ പട്ജോഷി സ്വാഗതവും ജി എം ടിപി സലിം കുമാർ നന്ദിയും പറഞ്ഞു.

Exit mobile version