അവന് മാത്രമേ അറിയൂ! ‘ഒരു ജന്തുവിനും പോകാന്‍ പറ്റില്ല, ബാബുവിന് മാത്രമേ പോകാന്‍ പറ്റുകയുള്ളൂ’: പ്രദേശവാസിയുടെ വെളിപ്പെടുത്തല്‍

മലമ്പുഴ: ‘വന്യമൃഗങ്ങള്‍ ഇറങ്ങാറുള്ള സ്ഥലമാണ്, ബാബുവിന്റെ ഭാഗ്യം കൊണ്ട് മാത്രമാണ് മലയിടുക്കില്‍ കുടുങ്ങി കിടക്കാന്‍ സാധിച്ചത്’, പ്രദേശവാസിയായ അമ്പിളി പറയുന്നു.

പ്രദേശവാസികള്‍ അപൂര്‍വ്വമായി മാത്രം പോകുന്ന മലയുടെ മുകളിലേക്കാണ് ബാബു യാത്ര പോയത്. അപകടകരമായ സ്ഥലമാണ്, വന്യമൃഗങ്ങളും ഇറങ്ങാറുണ്ടെന്നും അമ്പിളി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

”മല മുകളിലേക്ക് എന്തിന് പോയതെന്ന് അവന് മാത്രമേ അറിയൂ. അപകടകരമായ സ്ഥലം തന്നെയാണ്. പ്രദേശവാസിയായത് കൊണ്ട് ബാബുവിന് പരിസരം അറിയാം. പക്ഷെ കാടും കാടിന്റെ അന്തരീക്ഷവും അറിയണമെന്നില്ല. മൃഗങ്ങള്‍ ഇറങ്ങുന്ന സ്ഥലമാണ്. ഇന്നലെ എത്തിയ സൈനികര്‍ മൂന്ന് കരടികളെ സ്ഥലത്ത് കണ്ടിരുന്നു.”

”ബാബു കുടുങ്ങിയ സ്ഥലത്തേക്ക് ആര്‍ക്കും പോകാന്‍ പറ്റില്ല. അവന് മാത്രമേ പോകാന്‍ പറ്റുകയുള്ളൂ. ഒരു ജന്തുവിനും പോകാന്‍ പറ്റില്ല. അങ്ങനെയൊരു സ്ഥലത്താണ് അവന് കുടുങ്ങിയത്. അവിടേക്ക് ഇറങ്ങി പോയ ആര്‍മിക്കാര്‍ക്കാണ് സല്യൂട്ട്. വീണ് കഴിഞ്ഞാല്‍ ആള് വഴുതി താഴേക്ക് പോകും. അവന്റെ നല്ല സമയം കാരണം അവിടെ കുടുങ്ങി നില്‍ക്കാന്‍ സാധിച്ചു. ആയുസിന്റെ ബലം, അത്രയേ പറയാന്‍ പറ്റൂ. ബാക്കി കാര്യങ്ങള്‍ അവന്‍ തന്നെ വന്ന് പറയണം.”

അതേസമയം, മകനെ ആരോഗ്യവാനായി തിരിച്ചുകിട്ടിയതില്‍ സന്തോഷമുണ്ടെന്നും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ എല്ലാവര്‍ക്കും നന്ദിയെന്നും ബാബുവിന്റെ മാതാവ് റഷീദ പ്രതികരിച്ചു. ”

സന്തോഷം. കാത്തിരിക്കുകയാണ്. രണ്ട് ദിവസം ഭക്ഷണം കഴിക്കാതിരിക്കുകയല്ലേ. ഞങ്ങടെ കുട്ടീനെ തിരിച്ചുകിട്ടിയല്ലോ. എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. കുട്ടി ഞങ്ങളുടെ അടുത്തെത്തിയാല്‍ മതി. ഉദ്യോഗസ്ഥര്‍ക്കും അധികൃതര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നന്ദി.” ഉമ്മയും മറ്റ് കുടുംബാംഗങ്ങളും പറഞ്ഞു.

നാല്‍പ്പതിലധികം മണിക്കൂറുകള്‍ക്കൊടുവിലാണ് ബാബുവിനെ ഇന്ന് രാവിലെയോടെ മലയിടുക്കില്‍ നിന്ന് രക്ഷപ്പെടുത്തിയത്. തിങ്കള്‍ രാവിലെയാണ് ബാബു പ്രദേശവാസികളായ രണ്ടു പേര്‍ക്കൊപ്പം മലയിലേക്ക് ട്രക്കിംഗ് നടത്തിയത്. പാതിവഴിയില്‍ മറ്റു രണ്ടു പേരും ക്ഷീണിച്ചെങ്കിലും ബാബു വീണ്ടും മല കയറുകയായിരുന്നു. എന്നാല്‍ ഇതിനിടെ കാല്‍ വഴുതി താഴേക്ക് പോവുകയായിരുന്നു. തന്റെ ഫോണ്‍ ആയിരുന്നു ബാബുവിന് സഹായമായത്. താന്‍ അപകടത്തില്‍പ്പെട്ടെന്നും സഹായിക്കണമെന്നും ബാബു ഫോണിലൂടെ സുഹൃത്തുക്കളേയും പോലീസിനേയും അറിയിക്കുകയായിരുന്നു.

രക്ഷാദൗത്യത്തിന് 30 അംഗ സംഘം രംഗത്തുണ്ടായിരുന്നു. രണ്ട് സംഘമായായിരുന്നു ഇവര്‍ പ്രവര്‍ത്തിച്ചത്. ഒരു സംഘം മലയുടെ മുകളില്‍ നിന്നും ഒരു സംഘം മലയുടെ താഴെ നിന്നും രക്ഷപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാണ് ബാബുവിനെ രക്ഷിച്ചത്.

ബാബുവിനെ രക്ഷപ്പെടുത്താനായി സൂലൂരില്‍ നിന്നും ബെംഗളൂരുവില്‍നിന്നുമുള്ള കരസേനാംഗങ്ങള്‍ രാത്രി തന്നെ സ്ഥലത്തെത്തിയിരുന്നു. ലഫ്. കേണല്‍ ഹേമന്ദ് രാജിന്റെ നേതൃത്വത്തില്‍ ഒമ്പതുപേരടങ്ങിയ സംഘമാണ് സൂലൂരില്‍ നിന്നെത്തിയത്.

രാവിലയോടെയാണ് ബാബുവിന് സൈന്യം ഭക്ഷണവും വെള്ളവും എത്തിച്ചത്. 45 മണിക്കൂറിലധികമായി പാറയിടുക്കില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന ബാബുവിന് വെള്ളവും ഭക്ഷണവും എത്തിക്കുന്നതിനായിരുന്നു ആദ്യ പരിഗണന. പാറക്കെട്ടിന്റെ മുകളില്‍ നിന്ന് താഴേക്ക് ഇറങ്ങിയ സംഘത്തിനാണ് ബാബുവിനെ കാണാനും സംസാരിക്കാനും കഴിഞ്ഞത്.

ബാബുവിന്റെ തൊട്ടടുത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ അദ്ദേഹവുമായി സംസാരിക്കുകയും ഭക്ഷണവും വെള്ളവും കൈമാറുകയുമായിരുന്നു. തുടര്‍ന്ന് കയര്‍ കെട്ടി ബാബുവിനെ മുകളിലേക്ക് എത്തിക്കുകയായിരുന്നു.

Exit mobile version