‘ഉറക്കെ ഉച്ഛരിക്കാന്‍ ആഗ്രഹിക്കുന്ന രണ്ട് വാക്കുകളാണ് അല്ലാഹു അക്ബര്‍’: സാറ ജോസഫ്

തൃശൂര്‍: കര്‍ണാടകയിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളില്‍ പ്രതികരിച്ച് എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സാറ ജോസഫ്.

ഭയം നിറഞ്ഞ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഉറക്കെ ഉച്ഛരിക്കാന്‍ ആഗ്രഹിക്കുന്ന രണ്ട് വാക്കുകളാണ് അല്ലാഹു അക്ബര്‍ എന്നാണ് സാറ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.

കര്‍ണാടകയിലെ ഒരു കോളജില്‍ ശിരോവസ്ത്രം (ഹിജാബ്) ധരിച്ചെത്തിയ വിദ്യാര്‍ഥിനിയെ കാവി ഷാള്‍ അണിഞ്ഞ ഒരു കൂട്ടമാളുകള്‍ ജയ് ശ്രീറാം വിളികളുമായി നേരിടുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു.

ഒറ്റക്ക് നടന്നുവരുന്ന വിദ്യാര്‍ഥിനിയുടെ അടുത്തേക്ക് ഭ്രാന്തമായ ആവേശത്തോടെ ജയ്ശ്രീറാം വിളികളുമായി ഓടിയടുക്കുന്ന ഒരു കൂട്ടമാണ് വീഡിയോയില്‍ കാണുന്നത്. ആ ബഹളങ്ങള്‍ക്കിടയില്‍ ‘അല്ലാഹു അക്ബര്‍’ എന്ന് വിളിച്ചുകൊണ്ടാണ് വിദ്യാര്‍ഥിനി നടന്നു പോകുന്നത്.

സംഘപരിവാര്‍ രാജ്യത്ത് സൃഷ്ടിക്കുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഏറ്റവും ഭീതിതമായ അവസ്ഥയാണ് സ്വന്തം സഹപാഠികളില്‍ നിന്നും ആ പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നതെന്നും പലരും ചൂണ്ടിക്കാണിച്ചിരുന്നു.

പെണ്‍കുട്ടി ‘അല്ലാഹു അക്ബര്‍’ എന്ന് വിളിക്കുന്ന ദൃശ്യം മാത്രമായി മുറിച്ചെടുത്ത് വിദ്വേഷ പ്രചാരണവും സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സാറാ ജോസഫിന്റെ പ്രതികരണം.

ഇരയാക്കപ്പെടുന്നവരെയും അവരുടെ സാംസ്‌കാരിക ശീലങ്ങളെയുമൊക്കെ എപ്പോഴും സംശയ മുനയില്‍ നിര്‍ത്തുന്ന സംഘപരിവാര്‍ തന്ത്രത്തിന് എതിരായി കൂടിയാണ് ‘അല്ലാഹു അക്ബര്‍ ഉച്ഛരിക്കാന്‍ ആഗ്രഹിക്കുന്നു’ എന്ന സാറാ ജോസഫിന്റെ പ്രതികരണം.

അതേസമയം, കര്‍ണാടകയില്‍ ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ഥിനികള്‍ക്ക് കോളജുകളില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് തുടരുകയാണ്. വിലക്കിനെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ഥിനികള്‍ക്കെതിരെ ബിജെപി സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ജനുവരിയിലാണ് ഹിജാബ് വിവാദം ആരംഭിച്ചത്. ഉഡുപ്പിയിലെ പി.യു കോളേജിലെ ആറ് വിദ്യാര്‍ത്ഥിനികളെ ഹിജാബ് ധരിക്കുന്നതിന്റെ പേരില്‍ സ്‌കൂളിന് പുറത്തുപോകാന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഈ വിദ്യാര്‍ത്ഥിനികള്‍ കോടതിയെ സമീപിച്ചു.

Exit mobile version