‘ബാബു നിങ്ങള്‍ ഭയക്കരുത് ഞങ്ങള്‍ കൈ പിടിക്കും’: രക്ഷാദൗത്യസംഘത്തിന് നിറഞ്ഞ അഭിനന്ദനമറിയിച്ച് കെകെ ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ബാബു റെസ്‌ക്യൂ ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ സേനാംഗങ്ങളെ അഭിനന്ദിച്ച് മുന്‍ ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍
. ‘ബാബു നിങ്ങള്‍ ഭയക്കരുത് ഞങ്ങള്‍ കൈ പിടിക്കും’ ലെഫ്റ്റനന്റ് കേണല്‍ ഹേമന്ദ് രാജിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ കരസേനാ അംഗങ്ങള്‍ ബാബുവിന് ആദ്യം നല്‍കിയ സന്ദേശം ഇതായിരുന്നുവെന്നും ഓപ്പറേഷനില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നതായും ശൈലജ കുറിച്ചു.

‘പാലക്കാട് മലമ്പുഴ എരിച്ചിരത്തെ കൂര്‍മ്പാച്ചി മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ ദൗത്യസംഘം രക്ഷപ്പെടുത്തി മലമുകളിലെത്തിച്ചിരിക്കുന്നുവെന്നതും പ്രാഥമിക ചികിത്സ ഇദ്ദേഹത്തിന് നല്‍കിയെന്നതും ഏറെ ആശ്വാസകരമായ വാര്‍ത്തയാണ്. സുരക്ഷാ ബെല്‍റ്റ് ഉപയോഗിച്ചാണ് ബാബുവിനെ മലമുകളിലെത്തിച്ചത്.

45 മണിക്കൂറോളമായി പകല്‍ അസഹനീയമായ ചൂടും രാത്രി കൊടും തണുപ്പും അനുഭവപ്പെടുന്ന മലയിടുക്കില്‍ ബാബു അതിജീവിച്ചത് അസാമാന്യമായ മനക്കരുത്തിലാണ്.

‘ബാബു നിങ്ങള്‍ ഭയക്കരുത് ഞങ്ങള്‍ കൈ പിടിക്കും’ ലെഫ്റ്റനന്റ് കേണല്‍ ഹേമന്ദ് രാജിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ കരസേനാ അംഗങ്ങള്‍ ബാബുവിന് ആദ്യം നല്‍കിയ സന്ദേശം ഇതായിരുന്നു. 12 മണിക്കൂര്‍ നീണ്ട ശ്രമകരമായ രക്ഷാദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു.

സുരക്ഷാ ബെല്‍റ്റ് ഉപയോഗിച്ച് മലമുകളിലെത്തിച്ച ബാബുവിനെ എയര്‍ ലിഫ്റ്റിംഗ് നടത്തി മലമുകളില്‍ നിന്നും താഴെ എത്തിക്കും എന്നാണ് അറിയാന്‍ കഴിഞ്ഞത്. രക്ഷാദൗത്യത്തില്‍ പങ്കാളികളായ ഇന്ത്യന്‍ സേനയുടെ മദ്രാസ് റെജിമെന്റിലെ സൈനികര്‍, പാരാ റെജിമെന്റ് സെന്ററിലെ സൈനികര്‍, രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച ദക്ഷിണ ഭാരത ഏരിയ ജി ഒ സി ലഫ്റ്റനന്റ് ജനറല്‍ അരുണ്‍ തുടങ്ങി അവസരോചിതമായ ഇടപെടലുകളിലൂടെ സഹായം നല്‍കിയ എല്ലാവര്‍ക്കും നന്ദി പറയുന്നു.

രക്ഷാപ്രവര്‍ത്തനവുമായി സഹകരിച്ച വ്യോമസേനക്കും കോസ്റ്റ് ഗാര്‍ഡിനും കേരള പോലീസ്, ഫയര്‍ & റസ്‌ക്യൂ, എന്‍ ഡി ആര്‍ എഫ്, വനം വകുപ്പ്, ജില്ലാ ഭരണസംവിധാനം, മെഡിക്കല്‍ സംഘം, ജനപ്രതിനിധികള്‍, നാട്ടുകാര്‍ എന്നിങ്ങനെ മുഴുവന്‍ മനുഷ്യരെയും അഭിനന്ദിക്കുന്നു

Exit mobile version