അന്ന് മാംസം അഴുകി എല്ലുകള്‍ പുറത്തുവന്ന നിലയില്‍, ഇന്ന് താര സ്മാര്‍ട്ടാണ്: തെരുവുനായയ്ക്ക് ജീവിതം തിരിച്ചുനല്‍കി, നന്മ

കൊച്ചി: മലയിന്‍കീഴില്‍ നിന്ന് കൈയ്യിലെ മാംസം അഴുകി എല്ലുകള്‍ പുറത്തുവന്ന നിലയില്‍ കണ്ടെത്തിയ തെരുവുനായയെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് ദയ ആനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍.

കോതമംഗലം മലയിന്‍കീഴില്‍ നിന്ന് കഴിഞ്ഞ മാസം നായയെ കണ്ടെത്തുമ്പോള്‍
ഇടതു കൈയ്യിലെ മാംസം പൂര്‍ണമായും അഴുകി എല്ലു മാത്രമായ നിലയിലായിരുന്നു.
നായയ്ക്ക് ദയ ആനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ താര എന്നു പേരു നല്‍കി പരിചരിച്ചുവരികയായിരുന്നു. താരയെ ചികിത്സിച്ചത് വെറ്ററിനറി ദമ്പതികളായ ഡോ. കിഷോര്‍കുമാര്‍ ജനാര്‍ദനനും ഡോ. സോണിക സതീഷുമായിരുന്നു.

ശരീരത്തിനു പുറത്തു നിന്നിരുന്ന എല്ലുകള്‍ നീക്കം ചെയ്ത് മുറിവ് വച്ചുകെട്ടുകയും ആന്റിബയോട്ടിക് മരുന്നുകള്‍ നല്‍കുകയും ചെയ്തു. മുറിവില്‍ പഴുപ്പുണ്ടായിരുന്നെങ്കിലും ഭേദമായിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്കൂടി ആന്റിബയോട്ടിക് ചികിത്സ തുടരാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. മുറിവ് ഉണങ്ങിയില്ലായിരുന്നുവെങ്കില്‍ തോളില്‍ നിന്ന് കൈ പൂര്‍ണമായും മുറിച്ചു മാറ്റുകയേ വഴിയുള്ളൂ. എന്നാല്‍ അതിന് ഇടവന്നില്ല.

ദയയുടെ ഗരുഡ എന്ന ആനിമല്‍ ഷെല്‍റ്ററില്‍ പാര്‍പ്പിച്ചിരിക്കുന്ന താരയ്ക്ക് രാവിലെ ബിസ്‌കറ്റും പാലുമാണ് ഭക്ഷണമായി നല്‍കുക. വൈകുന്നേരം ബിരിയാണിയാണ് നല്‍കുക. എന്നാല്‍, താരയ്ക്ക് ഏറ്റവും ഇഷ്ടം പൊറോട്ടയും മസാല ചേര്‍ത്ത കറികളുമാണെന്ന് ദയയുടെ അമരക്കാരി അമ്പിളി പുരയ്ക്കല്‍ പറയുന്നു.

ഓട്ടോ ഡ്രൈവര്‍മാര്‍ പരിപാലിച്ചിരുന്നതിനാലാവാം ഇത്തരത്തിലൊരു പ്രിയമെന്നാണ് കരുതുന്നത്. ഒരു കൈ ഇല്ലാത്തതിനാല്‍ താര ഷെല്‍റ്ററിലെ അന്തേവാസിയായി തുടരുമെന്നും ദയയുടെ പ്രവര്‍ത്തകര്‍ അറിയിച്ചു.

Exit mobile version