‘എങ്ങനെയെങ്കിലും പിടിക്കലല്ല പാമ്പ് പിടുത്തം! വാവ സുരേഷ് ഒന്നുകില്‍ സുരക്ഷിതമായി ജോലി ചെയ്യാന്‍ പഠിക്കണം, അല്ലെങ്കില്‍ നിര്‍ത്തണം’: രൂക്ഷ വിമര്‍ശനവുമായി അഡ്വ. ഹരീഷ് വാസുദേവന്‍

കൊച്ചി: വാവ സുരേഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി അഡ്വ. ഹരീഷ് വാസുദേവന്‍. വാവ സുരേഷിന് പാമ്പിനെ പിടിക്കാന്‍ അറിയില്ല. പാമ്പിനെ എങ്ങനെയെങ്കിലും പിടിക്കലല്ല പാമ്പ് പിടുത്തം, പിടിക്കുന്ന ആളും കാണുന്ന ആളും സുരക്ഷിതരായി പിടിക്കുമ്പോഴാണ് ‘ഒരാള്‍ക്ക് ആ പണി അറിയാം’ എന്നു നാം പറയുക.

വാവ സുരേഷ് ഒന്നുകില്‍ സുരക്ഷിതമായി ഈ ജോലി ചെയ്യാന്‍ പഠിക്കണം, അല്ലെങ്കില്‍ അത് നിര്‍ത്തണം. അങ്ങേരെ ഈ പണിക്ക് കൊണ്ടുപോകുന്നത് സര്‍ക്കാര്‍ നിര്‍ത്തിക്കണമെന്നും ഹരീഷ് പറഞ്ഞു.

ഒരാള്‍ നല്ല ഡ്രൈവറാണോ എന്നു നോക്കുന്നത് ഏറ്റവും കുറഞ്ഞ ആക്‌സിഡന്റ് ഉണ്ടാക്കിയതും റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതും ഒക്കെ നോക്കിയാണ്. അല്ലാതെ വണ്ടിയില്‍ സര്‍ക്കസ് കളിക്കുന്ന ആളെ നമ്മള്‍ നല്ല ഡ്രൈവര്‍ എന്നു പറയുമോ? ഇല്ല.

വാവ സുരേഷ് പാമ്പിനെ പിടിക്കുന്നത് വഴി അദ്ദേഹത്തിനും കണ്ടു നില്‍ക്കുന്നവര്‍ക്കും മാത്രമല്ല, ആ പാമ്പിനും അപകടമുണ്ട്. ഇന്നത്തെ അപകടത്തിന്റെ വീഡിയോയും അത് വ്യക്തമാക്കുന്നു. മുന്‍പ് പലപ്പോഴും വ്യക്തമായത് തന്നെ. എത്രയോ പാമ്പുകളെ അനാവശ്യമായി വേദനിപ്പിച്ചാണ് പിടിക്കുന്നത്. നാട്ടുകാര്‍ക്ക് റിസ്‌കും. ഹരീഷ് ചൂണ്ടിക്കാണിക്കുന്നു.

കാളപ്പോരിന്റെ വീറ് പോലെ വീറുള്ള, ഭ്രാന്തമായ ആവേശമുള്ള പത്തിരുപതുലക്ഷം ഊളകള്‍ ഫാന്‍സ് ആയിട്ടുണ്ട് എന്നത് സ്വന്തം ലൈഫും പാമ്പിന്റെ ലൈഫും നാട്ടുകാരുടെ ലൈഫും അപകടത്തിലാക്കി ഈ പണി തുടരാനുള്ള ലൈസന്‍സല്ല. പലവട്ടം പലരും പറഞ്ഞ കാര്യം വീണ്ടും പറയുന്നു, വാവ സുരേഷ് ഒന്നുകില്‍ സുരക്ഷിതമായി ഈ ജോലി ചെയ്യാന്‍ പഠിക്കണം, അല്ലെങ്കില്‍ അത് നിര്‍ത്തണം. അങ്ങേരെ ഈ പണിക്ക് കൊണ്ടുപോകുന്നത് സര്‍ക്കാര്‍ നിര്‍ത്തിക്കണം. അദ്ദേഹത്തിന്റെ ആരോഗ്യം എത്രയും പെട്ടെന്ന് തിരികെ കിട്ടി സുഖം പ്രാപിക്കട്ടെയെന്നും ഹരീഷ് വ്യക്തമാക്കി.

ചങ്ങനാശ്ശേരിക്കടുത്ത് കുറിച്ചിയില്‍ നിന്ന് മൂര്‍ഖന്‍പാമ്പിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ തിങ്കളാഴ്ച 4.30-ഓടെയാണ് വാവ സുരേഷിന് കടിയേറ്റത്. ഏഴടി നീളമുള്ള മൂര്‍ഖനെ പിടിച്ച് ചാക്കിലേക്ക് മാറ്റുന്നതിനിടെ പൊടുന്നനെ വളഞ്ഞുവന്ന് സുരേഷിന്റെ വലത് തുടയില്‍ കടിക്കുകയായിരുന്നു. ഉടന്‍ പിടിവിട്ടെങ്കിലും അസാമാന്യധൈര്യത്തോടെ സുരേഷ് വീണ്ടും പാമ്പിനെ പിടിച്ച് ടിന്നിലാക്കി നാടിനെ സുരക്ഷിതമാക്കി.

Exit mobile version