അരിക്കൊമ്പനെ ചിന്നക്കനാലില്‍ എത്തിക്കാന്‍ ഏതറ്റം വരേയും പോകും; വാവ സുരേഷ്

തിരുവനന്തപുരം: അരിക്കൊമ്പനെ തിരിച്ച് ചിന്നക്കനാലില്‍ എത്തിക്കാന്‍ ഏതറ്റം വരേയും പോകുമെന്ന് വാവ സുരേഷ്. ഇത് സംബന്ധിച്ച് അധികാരികള്‍ക്ക് നിവേദനം നല്‍കുമെന്ന് വാവ സുരേഷ് പറഞ്ഞു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പതിനാലായിരത്തോളം ഒപ്പുകള്‍ ശേഖരിക്കുമെന്നും അരിക്കൊമ്പന് വേണ്ടി ഏതറ്റം വരേയും പോകാന്‍ തയ്യാറാണെന്നും വാവ സുരേഷ് പറഞ്ഞു.

അതേസമയം, അരിക്കൊമ്പന്‍ കോതയാറില്‍ സുഖമായി കഴിയുന്നുവെന്നാണ് വനംവകുപ്പ് അറിയിച്ചത്. നിലവില്‍ രണ്ടു കുട്ടിയാനകളുള്‍പ്പെടെ പത്തംഗ കാട്ടാനക്കൂട്ടത്തോടൊപ്പമാണ് അരിക്കൊമ്പന്റെ സുഖവാസം. ആനക്കൂട്ടത്തോട് ഇണങ്ങിയതിനാല്‍ കൊമ്പനെ നിരീക്ഷിക്കുന്നതിന് ഏര്‍പ്പെടുത്തിയ വാച്ചര്‍മാരുടെ എണ്ണം തമിഴ്നാട് വനംവകുപ്പ് കുറച്ചിട്ടുണ്ട്.

നാല് മാസമായി ചിന്നക്കനാലില്‍ നിന്ന് അരിക്കൊമ്പനെ നാടുകടത്തിയിട്ട്. ജൂണ്‍ മുതല്‍ അരിക്കൊമ്പന്‍ കോതയാറിലാണ്. കേരളത്തിലും തമിഴ്നാട്ടിലുമായുളള അഗസ്ത്യാര്‍കൂടത്തിലാണ് കോതയാര്‍ വനമേഖല. ഇവിടെ നിന്ന് കേരളത്തിലെ വനമേഖലയിലേക്ക് ഇറങ്ങാനുളള സാധ്യത തമിഴ്നാട് വനംവകുപ്പ് തളളിക്കളയുന്നില്ല.

കടുവാസങ്കേതത്തില്‍ കോതയാറില്‍ പുല്ല് തിന്ന് ഉഷാറായി നില്‍ക്കുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങള്‍ നേരത്തെ തമിഴ്നാട് വനം വകുപ്പ് പുറത്തുവിട്ടിരുന്നു. ചിന്നക്കനാലില്‍ ആഴ്ചയിലൊരിക്കലെങ്കിലും ജനവാസമേഖലയില്‍ അരിക്കൊമ്പന്‍ എത്തുമായിരുന്നു. അവിടെ നിന്ന് പിടികൂടി പെരിയാറിലേക്ക് മാറ്റിയപ്പോഴും അരി തേടിയുളള കൊമ്പന്‍ എത്തിയിരുന്നു.

Exit mobile version