സ്ത്രീധന ആരോപണം വന്നാൽ വിസ്മയയ്ക്ക് മറ്റ് ബന്ധങ്ങളുണ്ടായിരുന്നു എന്ന് അടിച്ചിറക്കാമെന്ന് കിരൺ; റെക്കോർഡ് ആകാതിരിക്കാൻ സ്ത്രീധനക്കാര്യം വാട്‌സ്ആപ്പിൽ സംസാരിച്ചു; അമ്മയുടെ മൊഴി

കൊല്ലം: വിസ്മയയ്ക്ക് ഭർതൃവീട്ടിൽ നേരിടേണ്ടി വന്നത് സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനമെന്ന് കോടതിയിൽ മൊഴി നൽകി വിസ്മയയുടെ അമ്മ സജിത വി നായർ. കൊടുക്കാമെന്നുപറഞ്ഞ സ്ത്രീധനം നൽകിയാൽ പ്രശ്നങ്ങളെല്ലാം തീരുമെന്ന് കിരണിന്റെ അച്ഛൻ പറഞ്ഞതായി വിസ്മയയുടെ അമ്മ സാക്ഷി മൊഴി നൽകി. വിസ്മയ മരണപ്പെട്ട കേസിൽ കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിലാണ് സാക്ഷി വിസ്താരം നടന്നത്.

വിവാഹം കഴിഞ്ഞ് കുറച്ചുനാൾ കുഴപ്പമില്ലായിരുന്നു. സ്വർണം ലോക്കറിൽ വെക്കാൻ ചെന്നപ്പോൾ പറഞ്ഞ അളവിലില്ല എന്നുപറഞ്ഞാണ് ഉപദ്രവം തുടങ്ങിയത്. വിസ്മയയുടെ ചേട്ടന്റെ വിവാഹവുമായി ബന്ധപ്പെട്ട് മകളെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നപ്പോഴാണ് പീഡനങ്ങളുടെ പൂർണരൂപം പറഞ്ഞത്. തുടർന്ന് സമുദായസംഘടനയെ വിവരമറിയിച്ചു.

മാർച്ച് 25-ന് ഇക്കാര്യം ചർച്ചചെയ്യാനിരിക്കെ 17-ന് വിസ്മയയെ കിരൺ വന്നു കൂട്ടിക്കൊണ്ടുപോയി. സ്ത്രീധനം കൊടുത്താൽ പ്രശ്നങ്ങൾ തീരുമെന്ന പ്രതീക്ഷയിലാണ് അവളോട് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ പറഞ്ഞതെന്നും അമ്മ മൊഴിനൽകി.

വിസ്മയയുടെ അമ്മ അവരുടെ സ്വന്തം ഫോണിൽ റെക്കോഡായ സംഭാഷണങ്ങളും കിരണിന്റെയും ബന്ധുക്കളുടെയും ശബ്ദവും കോടതിയിൽ തിരിച്ചറിഞ്ഞു. സ്ത്രീധനത്തിന്റെ പേരിൽ തന്നെ പീഡിപ്പിക്കുന്നതായി വിസ്മയ കരഞ്ഞുപറയുന്ന സംഭാഷണവും കൂട്ടത്തിലുണ്ട്.

സ്ത്രീധനത്തിന്റെ കാര്യങ്ങൾ ഫോണിൽ സംസാരിക്കില്ല, അത് റെക്കോർഡാകും എന്നതിനാൽ വാട്സാപ്പിലൂടെയേ സംസാരിക്കൂ എന്ന് കിരൺ സഹോദരി കീർത്തിയോട് പറയുന്നതും കേൾപ്പിച്ചു. സ്ത്രീധനത്തിന്റെ ആരോപണം വന്നാൽ വിസ്മയയ്ക്ക് മറ്റ് ബന്ധങ്ങളുണ്ടായിരുന്നു എന്ന കഥ അടിച്ചിറക്കാം എന്ന് സഹോദരീഭർത്താവ് മുകേഷിനോട് കിരൺ പറയുന്ന സംഭാഷണവും കേട്ട സാക്ഷി എല്ലാവരുടെയും ശബ്ദം തിരിച്ചറിഞ്ഞു.

‘വിഷമിക്കണ്ട, എല്ലാത്തിനും കൂടെയുണ്ടാകും’, കൈക്കൂലി കൊടുത്ത് മടുത്ത് പേപ്പറുകൾ കീറിയെറിഞ്ഞ മിനിക്ക് സഹായവുമായി മന്ത്രി പി രാജീവ്

വിസ്മയ കിരണിനോടൊപ്പം തിരികെപ്പോകുമെന്ന വിവരം വിസ്മയയുടെ അച്ഛനോട് പറഞ്ഞോ എന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിന് ഇല്ല, അതാണ് തനിക്കുപറ്റിയ തെറ്റ് എന്ന് അവർ മറുപടി നൽകി. എതിർവിസ്താരം തിങ്കളാഴ്ചയും തുടരും.

Exit mobile version