സ്‌ക്രാച്ച് ആന്റ് വിൻ 25 ലക്ഷം സമ്മാനത്തിനായി 80 ലക്ഷം പൊടിച്ചു; കൊച്ചിയിലെ യുവാവ് ഓൺലൈൻ തട്ടിപ്പിനിരയായി; മുന്നറിയിപ്പുമായി പോലീസ്

ആലുവ: ഓൺലൈൻ തട്ടിപ്പുകളിൽ ആളുകൾ സ്ഥിരമായി വീണുപോകുന്നതിന് തെിരെ മുന്നറിയിപ്പുമായി പോലീസ്. ഉത്തരേന്ത്യൻ ഒൺലൈൻ തട്ടിപ്പുസംഘത്തിന്റെ കെണിയിൽ വീണ് ലക്ഷങ്ങൾ നഷ്ടപ്പെടുത്തിയ യുവാവിന്റെ ഉദാഹരണം ചൂണ്ടിക്കാണിച്ചാണ് റൂറൽ പോലീസ് മുന്നറിയിപ്പ് നൽകുന്നത്. ദിനംപ്രതി നിരവധി പരാതികളാണ് ലഭിക്കുന്നത് റൂറൽ സൈബർ പോലീസ് സ്റ്റേഷനിലെ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

പോസ്റ്റ് കാർഡിൽ എത്തിയ സ്‌ക്രാച്ച് ആന്റ് വിൻ കാർഡിൽ 25 ലക്ഷം രൂപ സമ്മാനം ലഭിച്ചുവെന്നത് സത്യമാണെന്ന് വിശ്വസിച്ച യുവാവിന്റെ 80 ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ട കേസിൽ അന്വേഷണം നടക്കുകയാണ്. തപാലിലാണ് കാർഡ് യുവാവിന്റെ വിലാസത്തിൽ എത്തിയത്. ഓൺലൈൻ വ്യാപാരസൈറ്റിൽ നിന്നും സാധനങ്ങൾ വാങ്ങീയതിന് സമ്മാനമായി ലഭിച്ചതെന്നും പറഞ്ഞ് അഭിനന്ദന സന്ദേശത്തോടെയാണ് കാർഡെത്തിയത്. ചുരണ്ടി നോക്കിയപ്പോൾ 25 ലക്ഷം രൂപ സമ്മാനമായി ലഭിച്ചതായി കാണിച്ചു.

തുടർന്ന് രണ്ടായിരം രൂപ പ്രോസസിങ് ചാർജിൽ തുടങ്ങി 80 ലക്ഷത്തിലേറെ രൂപ തട്ടിപ്പുകാർ വാഗ്ദാനം ചെയ്ത 25 ലക്ഷം രൂപ സമ്മാനമായി കിട്ടാൻ വേണ്ടി യുവാവ് മുടക്കി. ഓരോ പ്രാവശ്യവും പണം മുടക്കുമ്പോഴും മുടക്കുന്ന പണം കൂടിച്ചേർത്ത് തിരികെ ലഭിക്കുമെന്ന് തട്ടിപ്പുസംഘം വാഗ്ദാനം ചെയ്തത് വിശ്വസിച്ചതാണ് യുവാവിന് വിനയായത്.

ഒടുവിൽ തട്ടിപ്പാണെന്ന് മനസിലായതോടെയാണ് പോലീസിൽ പരാതി നൽകിയത്. ഇത്തരം വ്യാജ പ്രലോഭനങ്ങളിൽ വീഴരുതെന്ന് ജില്ല പോലീസ് മേധാവി കെ കാർത്തിക്ക് മുന്നറിയിപ്പു നൽകി. ഇത്തരം തട്ടിപ്പുകാർ പ്രശസ്തമായ ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളുടെ പേരിലാണ് സ്‌ക്രാച്ച് ആന്റ് വിൻ കാർഡുകൾ അയക്കുന്നത്.

Also Read-അമിതവേഗത, ഒരാളുടെ മരണത്തിന് കാരണക്കാരനായി; പ്രതിയായ യുവാവിന് വാഹനം ഓടിക്കാൻ വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി

ചുരണ്ടി നോക്കുമ്പോൾ ലക്ഷങ്ങൾ വിലമതിക്കുന്ന കാറുകൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവയാണ് സമ്മാനമായി രേഖപ്പെടുത്തിയിട്ടുണ്ടാവുക. ഇത് ലഭ്യമാകുന്നതിന് പല കാര്യങ്ങൾ പറഞ്ഞ് സംഘം പണം തട്ടും. ഇങ്ങനെയുള്ള കാര്യങ്ങൾ തട്ടിപ്പാണെന്ന് തിരിച്ചറിയണമെന്ന് എസ് പി കാർത്തിക് പറഞ്ഞു.

Exit mobile version