കോഴിക്കോട് മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി സ്ത്രീയുടെ മുഖത്തടിച്ചെന്ന് പരാതി, സ്ഥിരമായി ജീവനക്കാർ മോശമായി പെരുമാറുന്നെന്ന് നാട്ടുകാരും

കോഴിക്കോട്: സർക്കാർ മെഡിക്കൽ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ സംഘർഷാവസ്ഥ. സുരക്ഷാജീവനക്കാരൻ മുഖത്തടിച്ചെന്ന പരാതിയുമായി വയനാട് സ്വദേശിനി രംഗത്തെത്തിയതോടെയാണ് ആശുപത്രിയിൽ ആളുകൾ തടിച്ചുകൂടിയത്.

വയനാട് സുൽത്താൻ ബത്തേരി സ്വദേശി സക്കീനയാണ് പരാതിക്കാരി. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിനകത്തേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിലെത്തുകയായിരുന്നു.

മകന്റെ കുട്ടിയെയും അമ്മയെയും ഡോക്ടറെ കാണിക്കാനായാണ് സക്കീന മെഡിക്കൽ കോളേജിൽ എത്തിയത്. അമ്മയെ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ കാണിച്ചശേഷം ഇവർ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ എത്തി. ഇവിടെവെച്ചാണ് സുരക്ഷാജീവനക്കാരൻ കൂടുതൽപേരെ അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞ് ഇവരെ തടഞ്ഞത്. ചോദ്യം ചെയ്തതോടെ തന്നെ പിടിച്ച് തള്ളിയെന്നാണ് സക്കീനയുടെ ആരോപണം.

Also Read-യഥാർഥ പ്രശ്‌നം ഉദ്ഘാടനത്തിന് മുമ്പ് മോഡി പ്രസംഗം ആരംഭിച്ചത്; ടെലിപ്രോംപ്റ്റർ ചതിച്ചതല്ല; വിശദീകരണം

ഇത് മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചതോടെ സുരക്ഷാ ജീവനക്കാരൻ സക്കീനയുടെ മുഖത്തടിക്കുകയായിരുന്നു. കൈമടക്കി മുഖത്ത് രണ്ട് തവണ കുത്തിയെന്നാണ് സക്കീന പറയുന്നത്. സംഭവസമയത്ത് വനിതാ സുരക്ഷാജീവനക്കാർ ഇല്ലായിരുന്നുവെന്നും സുരക്ഷാ ജീവനക്കാരനെതിരേ മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഇവർ അറിയിച്ചു.

Also Read-രാത്രി ഡ്യൂട്ടിക്കിടെ ‘ഉഷാർ’ കിട്ടാൻ ലഹരി ഉപയോഗം; 15ഓളം ഹൗസ് സർജൻമാർ സ്ഥിരം ലഹരിമരുന്ന് നുണയുന്നവർ; ഞെട്ടി മെഡിക്കൽ കോളേജിലെ രോഗികളും

സെക്യൂരിറ്റി ജീവനക്കാരൻ സ്ത്രീയെ മർദിച്ച വിവരമറിഞ്ഞ് ഒട്ടേറെപേരാണ് മെഡിക്കൽ കോളേജ് പരിസരത്ത് തടിച്ചുകൂടിയത്. ആശുപത്രിയിലെ സുരക്ഷാജീവനക്കാർ മോശമായി പെരുമാറുന്നത് പതിവാണെന്നും സുരക്ഷാജീവനക്കാർക്കെതിരേ നേരത്തെയും പരാതികളുണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.

Exit mobile version