സിയാദ് ഇനി കണ്ടക്ടറും ഡ്രൈവറുമാകും: കെഎസ്ആര്‍ടിസിയിലെ ആദ്യ കണ്ടക്ടര്‍ കം ഡ്രൈവറായി പത്തനംതിട്ട സ്വദേശി

റാന്നി: സംസ്ഥാനത്തെ ആദ്യത്തെ കണ്ടക്ടര്‍ കം ഡ്രൈവറായി പത്തനംതിട്ട സ്വദേശി സിയാദ്. വയനാട് സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലെ കെഎസ്ആര്‍ടിസി കണ്ടക്ടറാണ് എച്ച് സിയാദ്. സുല്‍ത്താന്‍ ബത്തേരി-പാലാ-പത്തനംതിട്ട സൂപ്പര്‍ഫാസ്റ്റില്‍ കണ്ടക്ടറുടെയും ഡ്രൈവറുടെയും ജോലി കൂടി സിയാദ് നിര്‍വഹിക്കും.

ദീര്‍ഘദൂര സര്‍വീസുകളില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി ഡ്രൈവര്‍ കം കണ്ടക്ടര്‍മാരാണ് ജോലി നോക്കിയിരുന്നത്. ഡ്രൈവിങ്ങ് ലൈസന്‍സുള്ള കണ്ടക്ടര്‍മാര്‍ക്ക് തിരികെ ഡ്രൈവറായും ജോലി ചെയ്യാമെന്ന് അടുത്തിടെ കെഎസ്ആര്‍ടിസി എംഡി ഉത്തരവിറക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ആദ്യം അപേക്ഷ നല്‍കിയത് സിയാദ് ആയിരുന്നു.

12 വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുകയാണ് സിയാദ്. ദീര്‍ഘദൂര സര്‍വീസുകളില്‍ ക്ഷീണം, ശാരീരിക ബുദ്ധിമുട്ടുകള്‍ തുടങ്ങിയ കാരണങ്ങളാല്‍ ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ ഒരു പരിധി വരെ കുറക്കാന്‍ കണ്ടക്ടറുടെയും ഡ്രൈവറുടെയും ജോലി ഒരേപോലെ നിര്‍വഹിക്കാന്‍ കഴിയുന്നവര്‍ ഉണ്ടെങ്കില്‍ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍ ഇത്തരത്തില്‍ ഒരു നിര്‍ദേശം നല്‍കിയത്.

Read Also: ‘ചുരുളി’യ്ക്ക് പോലീസിന്റെ ക്ലീന്‍ ചിറ്റ്: കഥാസന്ദര്‍ഭത്തിന് യോജിച്ച ഭാഷ; ഭാഷ എങ്ങനെ വേണമെന്ന് കലാകാരന് തീരുമാനിക്കാം

കെഎസ്ആര്‍ടിസിയില്‍ ഹെവി ലൈസന്‍സ് ഉള്ള കണ്ടക്ടര്‍മാര്‍ ഉണ്ട്. മാനേജ്‌മെന്റ് തലത്തിലെ പീഡനങ്ങളും സേവന വേതന വ്യവസ്ഥകളിലെ അസംതൃപ്തിയുമാണ് ഡ്രൈവറുടെ ജോലി കൂടി നിര്‍വഹിക്കാന്‍ തയ്യാറായി കടന്നു വരാതിരിക്കാന്‍ കാരണം. ജീവനക്കാരോട് അനുഭാവ പൂര്‍ണ്ണമായ സമീപനം മാനേജ്മന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാകും എന്ന പ്രതീക്ഷയില്‍ ഹെവി ലൈസന്‍സ് ഉള്ള കൂടുതല്‍ കണ്ടക്ടര്‍മാര്‍ക്ക് കണ്ടക്ടര്‍ കം ഡ്രൈവര്‍ എന്ന തസ്തികയിലേക്ക് കടന്നുവരാന്‍ പ്രചോദനമാകട്ടെയെന്നും സിയാദ് പറഞ്ഞു.

10 വര്‍ഷമായി കോഴിക്കോട്-ബംഗളൂരു റൂട്ടില്‍ കണ്ടക്ടര്‍ ആയിരുന്നു സിയാദ്. ഡ്രൈവര്‍മാരുടെ ദീര്‍ഘ സമയത്തെ ഡ്രൈവിങ്ങിലെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയാണ് ലൈസന്‍സ് എടുത്തതും അപേക്ഷ സമര്‍പ്പിച്ചതും. കോര്‍പറേഷന്‍ അത് അംഗീകരിച്ച് ഉത്തരവിറക്കുകയായിരുന്നു. ബയോമെഡിക്കല്‍ എഞ്ചിനീറിങ് ബിരുദധാരിയാണ് സിയാദ്. ഭാര്യ ഫസീല പഞ്ചായത്ത് വകുപ്പില്‍ സീനിയര്‍ ക്ലര്‍ക്കാണ്. മക്കള്‍: അബ്ദുല്ല മുസാഹിം, ആഷിയാന, അമീറ മെഹ്രി.

Exit mobile version