മകളുടെ വിവാഹമാണ്, സ്വപ്‌നം കണ്ട നിമിഷം.. കൈപിടിച്ചു കൊടുക്കണം; ശസ്ത്രക്രിയ നടത്തിയതിന്റെ അടുത്ത ദിവസം വിവാഹവേദിയിലേയ്ക്ക് എത്തി ബെന്നി

കോട്ടയം: മകളുടെ വിവാഹത്തിനായി ആശുപത്രി കിടക്കയിൽ നിന്നും ഓടിയെത്തി പിതാവ്. വയറുവേദനയുമായി ശനിയാഴ്ച രാവിലെ പാമ്പാടി സ്വദേശി 53കാരനായ പി.വി. ബെന്നിയാണ് കോട്ടയം ഭാരത് ആശുപത്രി അത്യാഹിതവിഭാഗത്തിലെത്തിയത്. പരിശോധനയിൽ അപ്പെൻഡിക്‌സിന്റെ ഭാഗമാണെന്നും പഴുപ്പ് വയറിനകത്തേയ്ക്ക് ബാധിച്ചുവെന്നും ഡോക്ടർമാർ അറിയിച്ചതോടെയാണ് വിവാഹത്തിന് എത്താൻ സാധിക്കുമോ എന്ന ആശങ്ക ബെന്നിക്ക് നിഴലിച്ചത്.

താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ പഴുപ്പും അപ്പെൻഡിക്സും നീക്കാൻ ഡോക്ടർമാർ തീരുമാനിച്ചു. എന്നാൽ, തിങ്കളാഴ്ച രാവിലെ ആറിന് തിരുവനന്തപുരത്ത് മകളുടെ വിവാഹമാണെന്നും അവളുടെ കൈപിടിച്ചുകൊടുക്കണമെന്നും ബെന്നി തന്റെ ആഗ്രഹം ഡോക്ടർമാരെ അറിയിച്ചു. ഡോക്ടർമാരായ കിരൺ കെ., ബിബിൻ പി.മാത്യു, എം.ജെ. ജോസഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റർ ഡോ.വിനോദ് വിശ്വനാഥൻ എന്നിവർ കൂടിയാലോചിച്ചു.

മേശപ്പുറത്തിരുന്ന അക്വേറിയം പിടിച്ചുവലിച്ചു; ദേഹത്തേയ്ക്ക് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം

പഴുപ്പ് നീക്കം ചെയ്തില്ലെങ്കിൽ ജീവനുതന്നെ പ്രശ്‌നമാകും. ബെന്നിയുടെ ആഗ്രഹം നിറവേറ്റുകയും വേണം. ശേഷം, ശനിയാഴ്ച വൈകീട്ട് താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ ബെന്നിയുടെ അപ്പെൻഡിക്സും പഴുപ്പും നീക്കം ചെയ്യുകയും ചെയ്തു. വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാനായി, അണുബാധ ഏൽക്കാതിരിക്കാനുള്ള സംവിധാനങ്ങളോെട ബെന്നി ഞായറാഴ്ച വൈകീട്ട് വീട്ടിലേയ്ക്ക് എത്തുകയായിരുന്നു. ആഗ്രഹിച്ച പ്രകാരം തിങ്കളാഴ്ച തിരുവനന്തപുരത്ത് മകളുടെ വിവാഹത്തിൽ പങ്കെടുത്തു. പിന്നീട് നേരേ ആശുപത്രിയിലേക്ക് എത്തുകയും ചെയ്തു. പരിശോധനകളിൽ അണുബാധയോ മറ്റ് പ്രശ്‌നങ്ങളോ ഇല്ലെന്ന് തെളിഞ്ഞു. ഇതോടെയാണ് കുടുംബത്തിനും ആശ്വാസമായത്.

Exit mobile version