ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമായിരുന്ന മകളുടെ വിവാഹം കോവിഡ് കാരണം മാറ്റിവെച്ചു, സമയമെത്തിയപ്പോഴേക്കും പ്രവാസിയായ പിതാവ് കോവിഡ് ബാധിച്ച് മരിച്ചു

ഷാര്‍ജ : മകളുടെ കല്ല്യാണം കാണണമെന്ന അതിയായ ആഗ്രഹം സഫലമാകാതെ പ്രവാസി മലയാളി കോവിഡിനു കീഴടങ്ങി യാത്രയായി. ആലപ്പുഴ എനക്കാട് സ്വദേശി എ.എം. തോമസാണ് (63) മകളുടെ വിവാഹം കാണാന്‍ കഴിയാതെ ലോകത്തു നിന്നും യാത്രയായത്. കോവിഡ് കാരണമാണ് മകളുടെ വിവാഹം നീണ്ടുപോയത്.

തോമസിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു മകളുടെ വിവാഹം. അതിഗംഭീരമായി നടത്തണമെന്ന് തന്നെയായിരുന്നു ആഗ്രഹം. വിവാഹത്തിനായി ദിവസം നിശ്ചയിക്കുകയും ചെയ്തപ്പോഴാണ് കോവിഡ് വില്ലനായി എത്തിയത്. അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളെല്ലാം നിര്‍ത്തിയതോടെ തോമസിന് യുഎഇയില്‍ നിന്നും നാട്ടിലെത്താന്‍ കഴിയാതെയായി.

തുടര്‍ന്ന് മകളുടെ വിവാഹം കോവിഡ് ഭീതിക്കുശേഷം നടത്താമെന്ന് തീരുമാനിക്കുകയുമായിരുന്നു. രോഗത്തിന് പതുക്കെ ശമനമുണ്ടാവുകയും വിമാനങ്ങള്‍ കേരളത്തിലേക്ക് പറന്നുതുടങ്ങിയതും തോമസിനെ സന്തോഷിപ്പിച്ചിരുന്നു. പെട്ടെന്ന് നാട്ടിലെത്താമെന്നും മകളുടെ മാറ്റിവെച്ച വിവാഹം നടത്താമെന്നും തോമസ് മനസ്സില്‍ കണക്കു കൂട്ടി.

എന്നാല്‍ അപ്പോഴേക്കും കോവിഡ് തോമസിനെയും പിടികൂടി. എങ്കിലും രോഗം ഭേദമാകുമെന്നും നാട്ടിലേക്ക് പോകാന്‍ കഴിയുമെന്നും തോമസിന് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ മരണം തോമസിനെയും കൊണ്ടുപോയി. വ്യാഴാഴ്ചയാണ് ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയില്‍വെച്ച് തോമസ് മരിച്ചത്.

ഷാര്‍ജ വ്യവസായമേഖലയില്‍ സോഫിയ ഇലക്ട്രിക്കല്‍സ് എന്ന പേരില്‍ ബിസിനസ് നടത്തുകയായിരുന്നു തോമസ്. ഷാര്‍ജ ഓര്‍ത്തഡോക്‌സ് ഇടവകാംഗമായിരുന്നു, 30 വര്‍ഷത്തിലധികമായി തോമസ് ഷാര്‍ജയിലുണ്ട്. ഭാര്യ: മറിയാമ്മ. മൂത്തമകന്‍ മാത്യു തോമസ് കുടുംബസമേതം അമേരിക്കയിലാണ്.

രണ്ടാമത്തെ മകന്‍ തോമസ് വര്‍ഗീസ് ഷാര്‍ജയില്‍ പിതാവിന്റെ കൂടെയാണ്. മറ്റുമക്കളായ എലിസബത്തും സൂസന്നയും ഇരട്ടസഹോദരികളാണ്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും തോമസ് സജീവമായിരുന്നു.

Exit mobile version