ചൂടുചായയും പലഹാരവും നല്‍കി അതിഥികളെ പോലെ വരവേല്‍പ്പ്, പിണറായി ഗ്രാമപഞ്ചായത്തിലെത്തുന്ന അപേക്ഷകര്‍ക്ക് ഇത് വേറിട്ട അനുഭവം

കണ്ണൂര്‍: പിണറായി ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തുന്നവര്‍ക്ക് ചുടുചായയും പലഹാരവും നല്‍കി അതിഥികളായി വരവേല്‍പ്പ്. പുതുവര്‍ഷത്തില്‍ ആരംഭിച്ച മാറ്റം ഇതിനകം തന്നെ വമ്പന്‍ ഹിറ്റായിക്കഴിഞ്ഞു. വലിയ പിന്തുണയാണ് പദ്ധതിക്ക് ലഭിക്കുന്നത്.

‘ഹാവ് എ ബ്രേക്ക്, ഹാവ് എ ടീ’ എന്നാണ് പദ്ധതിക്ക് നല്‍കിയ പേര്. ആവശ്യങ്ങള്‍ക്ക് പഞ്ചായത്തിലെത്തുന്നവരെ സ്വീകരിച്ച് ഇരുത്തി ചായയും പലഹാരവും നല്കും. കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഒഴികയുള്ള സേവനങ്ങള്‍ പരമാവധി രണ്ട് ദിവസത്തിനകം നല്‍കണമെന്ന തീരുമാനം ഭരണസമിതി കൈക്കൊണ്ടിരുന്നു.

പലതും അതത് ദിവസം തന്നെ നല്‍കാനും പഞ്ചായത്ത് ശ്രദ്ധിക്കുന്നു. ഇങ്ങനെ വരുമ്പോള്‍ സേവനങ്ങള്‍ക്ക് പഞ്ചായത്തിലെത്തുന്നവര്‍ കുറച്ച് സമയം കാത്തിരിക്കേണ്ടി വരും. ഈ സാഹചര്യത്തിലാണ് സേവനങ്ങള്‍ക്കായി കാത്തിരിക്കുന്നവര്‍ക്ക് ചായയും പലഹാരവും നല്‍കുകയെന്ന ആശയം രൂപപ്പെട്ടതെന്ന് പ്രസിഡണ്ട് കെ കെ രാജീവന്‍ പറഞ്ഞു.

also read: മകളുടെ വിവാഹം നടത്താൻ ബാങ്ക് വായ്പയ്ക്കായി നെട്ടോട്ടമോടുന്നതിനിടെ ഭാഗ്യദേവത കനിഞ്ഞു; 70 ലക്ഷത്തിന്റെ ഭാഗ്യവുമായി ‘നിർമൽ ‘

ഒരു ദിവസം ശരാശരി 60നും 70 നും ഇടയിലാളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി പഞ്ചായത്തിലെത്തുന്നുണ്ട്. ഇവര്‍ക്കെല്ലാം പുതുവര്‍ഷം മുതല്‍ ചായയും പലഹാരവും നല്‍കുന്നു. ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും കുടുംബങ്ങളിലെ സന്തോഷം ജനങ്ങളുമായി പങ്കിടുന്നതാണ് ഇതിന്റെ കാഴ്ചപ്പാട്.

ഇവരുടെ കുടുംബങ്ങളിലെ വിശേഷാവസരങ്ങളുടെ ഭാഗമായി ഒരാഴ്ചയിലെയോ അതിലധികമോ ദിവസത്തെയോ ചായയുടെയും പലഹാരത്തിന്റെയും ചെലവ് ബന്ധപ്പെട്ടവര്‍ സ്‌പോണ്‍സര്‍ ചെയ്യുന്നു. പുതുവര്‍ഷത്തിലെ ആദ്യ ആഴ്ചയിലെ ചെലവ് വഹിച്ചത് വികസന സ്ഥിരം സമിതി അധ്യക്ഷന്‍ പി വി വേണുഗോപാലാണ്.

മകന്റെ ഗൃഹപ്രവേശത്തിന്റെ സന്തോഷത്തിനായിരുന്നു ഇത്. പദ്ധതി ആരംഭിച്ചതോടെ പഞ്ചായത്ത് സേവനങ്ങള്‍ ലഭിച്ച പലരും സന്തോഷസൂചകമായി ഈ പദ്ധതിക്കായി സ്‌പോണ്‍സര്‍ഷിപ്പുമായി മുന്നോട്ട് വരുന്ന അനുഭവമാണെന്ന് പ്രസിഡണ്ട് പറഞ്ഞു.

Exit mobile version