പാരസിറ്റമോള്‍ കഴിച്ച് ശരീരോഷ്മാവ് താഴ്ത്തി, വിമാനത്താവളത്തിലെ പരിശോധനയില്‍ നിന്നും രക്ഷപ്പെട്ട് നാട്ടിലെത്താന്‍ പല വഴികള്‍

ന്യൂഡല്‍ഹി: പാരസിറ്റമോള്‍ കഴിച്ച് ശരീരോഷ്മാവ് താഴ്ത്തി വിമാനത്താവളത്തിലെയും മറ്റും സുരക്ഷ പരിശോധനയില്‍ നിന്നും രക്ഷപ്പെട്ട് വിദേശത്തുനിന്നും വന്നവര്‍ നിരവധിയെന്ന് സൂചന. വിദേശത്ത് നിന്നെത്തിയിരുന്നവരില്‍ പലരും പാരസിറ്റമോള്‍ കഴിച്ചിരുന്നെന്ന് വിമാനത്താവളത്തില്‍ നിയോഗിക്കപ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

ഇത്തരത്തില്‍ സ്‌ക്രീനിങില്‍ നിന്നും രക്ഷപ്പെടാന്‍ പാരസിറ്റമോള്‍ കഴിച്ച് ശരീരോഷ്മാവ് താഴ്ത്തി വിദേശത്തുനിന്നെത്തിയവരില്‍ പലരും രാജ്യത്ത് കൊറോണ വ്യാപനത്തിനിടയുണ്ടാക്കിയിട്ടുണ്ടെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. പാരീസില്‍ പഠിക്കുന്ന പെണ്‍കുട്ടി മാര്‍ച്ച് മധ്യത്തോടെയാണ് അവിടെ നിന്ന് ഡല്‍ഹിയിലെത്തിയത്. പാരീസില്‍ നിന്ന് വരുമ്പോള്‍ തന്നെ പെണ്‍കുട്ടിക്ക് കടുത്ത പനിയുണ്ടായിരുന്നു.

എന്നാല്‍ പാരസിറ്റമോള്‍ കഴിച്ച് ശരീരോഷ്മാവ് കുറച്ചതിനാല്‍ വിമാനത്താവളത്തിലെ സ്‌ക്രീനിങ്ങില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ‘പാരീസിലെ ഡോക്ടരാണ് പാരസിറ്റമോള്‍ കഴിച്ചാല്‍ പനി കുറയുമെന്ന് പറഞ്ഞത്. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുമെന്ന് ഞാന്‍ അധികൃതരോട് പറഞ്ഞു. ഇല്ലായിരുന്നങ്കില്‍ സര്‍ക്കാര്‍ ക്വാറന്റൈനിലേക്ക് പോവേണ്ടി വന്നേനെ’, പെണ്‍കുട്ടി പറയുന്നു.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായാണ് വിമാനത്താവളത്തിലടക്കം സ്‌ക്രീനിങും മറ്റും ഏര്‍പ്പെടുത്തിയത്. വിമാനത്താവളത്തില്‍ തെര്‍മല്‍ ഡിറ്റക്റ്റര്‍ ഉപയോഗിച്ച് പനിയുണ്ടോയെന്ന് പരിശോധിക്കുന്നത് രോഗികളെ ഐസോലേറ്റ് ചെയ്ത് രോഗ വ്യാപനം തടയാനാണ്. എന്നാല്‍ ഇത്തരത്തില്‍ പാരസിറ്റമോള്‍ കഴിച്ച് പരിശോധനയില്‍ നിന്നും രക്ഷപ്പെട്ടവര്‍ രോഗവ്യാപന സാധ്യത ഇരട്ടിപ്പിക്കുകയായിരുന്നു.

Exit mobile version