ഉള്‍ക്കാഴ്ച കൊണ്ട് രാജ്യത്തിന് അഭിമാനം: ഇന്ത്യന്‍ കുപ്പായത്തില്‍ ക്രിക്കറ്റും ഫുട്‌ബോളും കളിച്ച് റെക്കോര്‍ഡ് സ്വന്തമാക്കി തൃശ്ശൂര്‍ സ്വദേശി അനീഷ്

കൊച്ചി: കാഴ്ച ശക്തിയില്ലെങ്കിലും ഉള്‍ക്കാഴ്ച കൊണ്ട് രാജ്യത്തിന് അഭിമാനമാവുകയാണ് ഇരിങ്ങാലക്കുട സ്വദേശിയായ അനീഷ്. ഇന്ത്യയുടെ കുപ്പായം അണിഞ്ഞ്
ക്രിക്കറ്റും ഫുട്‌ബോളും കളിച്ചാണ് അനീഷ് കൈയ്യടികള്‍ നേടുന്നത്,
ക്രിക്കറ്റിലും ഫുട്‌ബോളിലും ഇന്ത്യക്കായി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചെന്ന അപൂര്‍വ റെക്കോര്‍ഡാണ് 32കാരന്‍ സ്വന്തമാക്കിയിരിക്കുന്നത്.

ഇരിങ്ങാലക്കുട കാറളത്തെ എംഎ കുട്ടന്റെയും ലളിതയുടെയും മൂന്നുമക്കളില്‍ ഇളയവനാണ് അനീഷ്. കീഴ്മാട് അന്ധവിദ്യാലയത്തിലാണ് പഠിച്ചത്. ആ സമയത്താണ് അനീഷ് കാഴ്ചപരിമിതര്‍ക്കുള്ള ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയത്. മഹാരാജാസ് കോളേജില്‍ നിന്ന് ബി.എ. ഹിസ്റ്ററി വിജയിച്ചശേഷം ഇടപ്പള്ളി ടി.ടി.ഐ.യില്‍നിന്നു ഡി.എഡും നേടി. അതിനുശേഷം ഫിസിയോതെറാപ്പി കോഴ്സ് വിജയിച്ച് ഒരു സ്വകാര്യസ്ഥാപനത്തില്‍ താത്കാലിക ജോലിയും ചെയ്തിരുന്നു.

ക്രിക്കറ്റ് ജില്ലാ ടീമിലും സംസ്ഥാന ടീമിലുമെത്തിയ അനീഷിന് ഇന്ത്യന്‍ ടീമിലേക്ക് എത്താന്‍ അധികം കാത്തുനില്‍ക്കേണ്ടി വന്നില്ല. പാകിസ്താനെതിരേ അവരുടെ നാട്ടില്‍ രണ്ട് ഏകദിനങ്ങളിലും മൂന്ന് ടി-ട്വന്റിയിലും അനീഷ് ഇന്ത്യക്കായി കളിച്ചു. അതിനുശേഷമാണ് ഫുട്ബോളിലേക്കു വരുന്നത്. ദേശീയ ചാമ്പ്യന്മാരായ കേരള ടീമിന്റെ ക്യാപ്റ്റനായ അനീഷ് വൈകാതെ ഇന്ത്യന്‍ ടീമിലുമെത്തി. മലേഷ്യ, ഹോങ്കോങ്, ജപ്പാന്‍, ഒമാന്‍ എന്നിവിടങ്ങളിലൊക്കെ ഇന്ത്യക്കായി കളിച്ചു. കഴിഞ്ഞമാസം ഒമാനിലായിരുന്നു അനീഷ് ഇന്ത്യക്കായി ഒടുവില്‍ കളിച്ചത്.

ക്രിക്കറ്റ് കളിക്കാന്‍ കാഴ്ചപരിമിതര്‍ക്കു സാധിക്കുമെങ്കിലും ഫുട്ബോളിനെ അങ്ങനെയല്ല കണ്ടതെന്നാണ് അനീഷ് പറയുന്നത്. ”കാഴ്ചയില്ലാത്തവര്‍ക്ക് ഫുട്ബോള്‍ കളിക്കാന്‍ പറ്റുമെന്നത് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല.

എന്നാല്‍, ബ്രസീലില്‍ 600-ലേറെ ഫുട്ബോള്‍ ടീമുകള്‍ കാഴ്ച പരിമിതര്‍ക്കായിട്ടുണ്ടെന്ന കാര്യമൊക്കെ ചൂണ്ടിക്കാട്ടി സുനില്‍ മാത്യു എന്ന കോച്ചാണ് എന്നില്‍ ആത്മവിശ്വാസം പകര്‍ന്നത്.” -അനീഷ് പറഞ്ഞു.

പുതുവര്‍ഷത്തില്‍ ഒരു സ്ഥിരം ജോലി എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അനീഷ്.

Exit mobile version