കാർ നിയന്ത്രണം വിട്ട് വെള്ളത്തിൽ; ഉള്ളിൽ ജീവന് വേണ്ടി പിടഞ്ഞ് രണ്ടുപേർ, ഡ്യൂട്ടിയിൽ അല്ലാതിരുന്നിട്ടും രക്ഷകരായി മിഥുനും നൗഫറും; രക്ഷാപ്രവർത്തകന്റെ പഴ്‌സ് മോഷ്ടിച്ച് കള്ളനും

തേവലക്കര: സംസ്ഥാനപാതയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. ഓട്ടോയിലിടിച്ച് നിയന്ത്രണം വിട്ട കാർ കുളത്തിലേക്ക് മറിഞ്ഞത് ആശങ്കയ്ക്കിടയാക്കിയെങ്കിലും കാറിലുണ്ടായിരുന്ന അമ്മയെയും മകനെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

തേവലക്കര പാലയ്ക്കൽ ബീനാ ഭവനത്തിൽ അനു എസ് നായർ (40), മകൻ സനൽകുമാർ എന്നിവരെയാണ് അഗ്നിരക്ഷാസേനാംഗങ്ങളും നാട്ടുകാരും ചേർന്ന് കയർ ഉപയോഗിച്ച് കാർ ഉയർത്തി രക്ഷപ്പെടുത്തിയത്. അപകടത്തിൽപ്പെട്ട് തലകീഴായി മറിഞ്ഞ ഓട്ടോറിക്ഷയുടെ ഡ്രൈവർ ചവറ താന്നിമൂട് നാഗരുനട പടീറ്റതിൽ വിനോദ് (38), പത്തനംതിട്ട ശ്രീപദത്തിൽ ശ്രീജ (47), മകൻ ശ്രാവൺ (10), ബന്ധു ചവറ പുതുക്കാട് ആദർശിൽ സുശീലാദേവി (73), തേവലക്കര പടപ്പനാൽ ജയിഷാ കോട്ടേജിൽ നൗഫൽ (33) എന്നിവർക്ക് പരിക്കേറ്റു.

ഞായറാഴ്ച രാവിലെ 9.15-ന് തേവലക്കര പൂഴംകുളം ജങ്ഷന് സമീപത്തായിരുന്നു അപകടം. യാത്രക്കാരുമായി തേവലക്കരയിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയും എതിർദിശയിൽ വന്ന കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. കാറിലിടിച്ചശേഷം ഓട്ടോ തലകീഴായി മറിഞ്ഞു. നിയന്ത്രണംവിട്ട കാർ കുളത്തിലേക്ക് മറിഞ്ഞു.

ഈസമയം അതുവഴി വന്ന ഫയർഫോഴ്സ് ഉദ്യാഗസ്ഥരായ നൗഫർ, മിഥുൻ എന്നിവർ കുളത്തിലേക്ക് ചാടിയാണ് കാർ ഉയർത്തി നാട്ടുകാരുടെ സഹായത്തോടെ യാത്രക്കരായ അമ്മയെയും മകനെയും രക്ഷപ്പെടുത്തിയത്.

കരുനാഗപ്പള്ളി അഗ്നിരക്ഷാസേനയിലെ ഉദ്യോഗസ്ഥരായ മൈനാഗപ്പള്ളി പച്ചക്കുളത്തുവീട്ടിൽ എൻ നൗഫറും ചവറ കോട്ടയ്ക്കകം സാരംഗത്തിൽ എംഎസ് മിഥുനുമാണ് ഇരുവരേയും രക്ഷിച്ചത്. തങ്ങളുടെ ജീവൻ രക്ഷിച്ച യുവാക്കൾക്ക് അമ്മയും മകനും നന്ദി പറഞ്ഞു. സംഭവം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ അഗ്‌നിരക്ഷാസേനയിലെ രണ്ട് ഉദ്യോഗസ്ഥരുടെയും ഫോണുകളിലേക്ക് അഭിനന്ദനപ്രവാഹമാണ്.

നൗഫർ തേവലക്കരയ്ക്ക് കാറിൽ പോകുന്നതിനിടെയാണ് ഒരുകാർ കുളത്തിലേക്ക് വീഴുന്നതു കണ്ടത്. എന്തുചെയ്യണമെന്നറിയാതെ ഓടിക്കൂടിയവർ പകച്ച് നിൽക്കുമ്പോൾ നൗഫർ കുളത്തിലേക്ക് ചാടി രക്ഷകനായി.

Read also-സപ്ലൈകോ വിൽപനശാലകൾ ഇനി ഡിജിറ്റൽ പേയ്‌മെന്റിലേക്ക്; സേവനദാതാക്കളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു

കാറിന്റെ എല്ലാ ചില്ലുകളും ഇട്ടിരുന്നതെങ്കിലും വെള്ളം കുറേശ്ശെ കാറിനുള്ളിൽ കയറുന്നുണ്ടായിരുന്നു. മിഥുനും സുഹൃത്തുക്കളും ഒരു വിവാഹത്തിൽ പങ്കെടുക്കാൻ ഇതുവഴി പോകുമ്പോഴാണ് ആൾക്കൂട്ടം കണ്ടത്. തുടർന്ന് മിഥുനും രക്ഷാപ്രവർത്തനത്തിന് ഒപ്പം കൂടി.

ഇതിനിടെ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട നൗഫറിന്റെ പേഴ്സ് നഷ്ടമായത് രക്ഷാപ്രവർത്തകർക്കും നാട്ടുകാർക്കും നിരാശ സമ്മാനിച്ചു. കാർ കുളത്തിലേക്കുതാഴുന്നത് കണ്ടപ്പോൾ പേഴ്സ് സ്വന്തം കാറിൽ വെച്ചിട്ടാണ് നൗഫർ കുളത്തിലേക്ക് ചാടിയത്. ലോക്ക് ചെയ്തിട്ടുണ്ടായിരുന്നില്ല.

Read also-കൈക്കുഞ്ഞിനേയും കൊണ്ട് എത്തി; 800, 400 മീറ്റർ ഓട്ടത്തിൽ ചാമ്പനായി ശരണ്യ; മെഡലണിഞ്ഞ് കുഞ്ഞ് ശിവാത്മികയും!

രക്ഷാപ്രവർത്തനംകഴിഞ്ഞ് വന്നുനോക്കിയപ്പോഴാണ് അയ്യായിരം രൂപ അടങ്ങിയ പേഴ്സും അഗ്നി രക്ഷാസേനയുടെ തിരിച്ചറിയൽ കാർഡും, ലൈസൻസും നഷ്ടമായതായി അറിയുന്നത്. സമീപത്തൊക്കെ നോക്കിയെങ്കിലും പേഴ്സ് കണ്ടെത്താനായില്ല.

പണം പോയെങ്കിലും തിരിച്ചറിയൽ കാർഡും ലൈസൻസും തിരികെ കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിക്കുകയാണ് നൗഫർ. പേഴ്‌സ് നഷ്ടമായെങ്കിലും രണ്ടുജീവനുകൾ രക്ഷിക്കാൻ സാധിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് ഈ ഉദ്യോഗസ്ഥൻ.

Exit mobile version