കാരുണ്യത്തിന്റെ മുഖമായി ആംബുലന്‍സ് ഡ്രൈവര്‍ സത്താര്‍! കുഞ്ഞ് ജീവനെ ആശുപത്രിയിലെത്തിച്ച്, അവശ്യ സാധനങ്ങളും വാങ്ങി നല്‍കി; ഇന്ധനചെലവ് പോലും വാങ്ങാതെ മടക്കം

കണ്ണൂര്‍: ഒന്‍പതുമാസം പ്രായമുള്ള കുഞ്ഞു ജീവന്‍ രക്ഷിക്കാന്‍ ശാസ്താംകോട്ടയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള മരണപ്പാച്ചിലിലായിരുന്നു ആംബുലന്‍സ് ഡ്രൈവര്‍ സത്താര്‍. എത്രയും പെട്ടന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുക എന്നുമാത്രമായിരുന്നു സത്താറിന്റെ മനസ്സു മുഴുവന്‍.

Read Also:വിസ്മയ കേസില്‍ വഴിത്തിരിവ്: മുഖത്തെയും കൈകളിലെയും പരിക്ക് വിവാഹത്തിന് മുമ്പുള്ളത്; സഹോദരന്‍ വിജിത്തിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍

എന്നാല്‍, ആംബുലന്‍സ് ഡ്രൈവര്‍ എന്നാല്‍ തൊഴില്‍ മാത്രമല്ല, കാരുണ്യത്തിന്റെ മറ്റൊരു മുഖം കൂടിയാണെന്നു തെളിയിച്ചിരിക്കുകയാണ് സത്താര്‍. കുരുന്ന് ജീവന്‍ രക്ഷിക്കാനുള്ള യാത്രയുടെ പ്രതിഫലം വാങ്ങിയില്ല എന്നു മാത്രമല്ല ആ മാതാപിതാക്കള്‍ക്ക് അത്യാവശ്യ സാധനങ്ങള്‍ വാങ്ങി നല്‍കിയുമാണ് സത്താര്‍ മടങ്ങിയത്. കൊട്ടിയത്ത് എസ്വൈഎസിന്റെ ഖാദിസിയ്യ ആംബുലന്‍സ് ഡ്രൈവറാണ് സത്താര്‍.

തിങ്കളാഴ്ച രാവിലെ 10.30ന് ആണ് ശൂരനാട് സ്വദേശി സഞ്ജുവിന്റെ ഒന്‍പത് മാസം പ്രായമുള്ള ആണ്‍കുട്ടിയെ അപസ്മാരത്തിനെത്തുടര്‍ന്നു ശൂരനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നു ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കാന്‍ സത്താര്‍ പുറപ്പെട്ടത്. ഉടന്‍ കുട്ടിയുമായി ആശുപത്രിയിലെത്തി. ഡോക്ടര്‍മാര്‍ അടിയന്തര ചികിത്സ നല്‍കി. ഏറെ കഴിഞ്ഞിട്ടും കുട്ടിയുടെ അവസ്ഥയില്‍ പുരോഗതിയുണ്ടായില്ല.

അപസ്മാരം വീണ്ടും വരാനുള്ള സാധ്യതയുണ്ടെന്നു ഡോക്ടര്‍മാര്‍ പറഞ്ഞതോടെ കുട്ടിയെ എത്രയും വേഗം തിരുവനന്തപുരം എസ്എടി ആശുപത്രിയിലെത്തിക്കുക എന്ന ദൗത്യം സത്താര്‍ ഏറ്റെടുത്തു. 12.45നു ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍നിന്ന് ആംബുലന്‍സ് എസ്എടിയിലേക്ക് പാഞ്ഞു.

ഗതാഗത തടസ്സം ഒഴിവാക്കാന്‍ പോലീസിന്റെയും ആംബുലന്‍സ് അസോസിയേഷന്റെയും സഹായവും ഉണ്ടായിരുന്നു. അതിനിടെ കുഞ്ഞിന്റെ ശരീരോഷ്മാവ് കൂടാന്‍ തുടങ്ങി. യാത്രയില്‍ത്തന്നെ ഏതു സമയവും അടുത്ത അപസ്മാരം ഉണ്ടാകാനുള്ള സാധ്യത, ജീവനു തന്നെ ഭീഷണിയാകുമെന്ന ആശങ്ക ഇതെല്ലാം മറികടന്ന്, 55 മിനിറ്റ് കൊണ്ട് എസ്എടി ആശുപത്രിയില്‍ എത്തിച്ചു.

കുഞ്ഞിനെ വളരെ വേഗം ആശുപത്രിയില്‍ എത്തിക്കാനും വിദഗ്ധ ചികിത്സ നല്‍കാനും കഴിഞ്ഞതിന്റെ ആശ്വാസത്തിലാണു സത്താര്‍. കുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക് അത്യാവശ്യ സാധനങ്ങള്‍ വാങ്ങി നല്‍കുകയും ചെയ്തു. ഇന്ധനച്ചെലവു പോലും വാങ്ങാതെയാണ് മടങ്ങിയത്. കാരുണ്യത്തിന്റെ മുഖമായി മാറിയ സത്താറിനെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ ലോകം.

Exit mobile version