നൂറ്റാണ്ടുകൾ പഴക്കമുള്ള 20കോടിയുടെ തങ്കവിഗ്രഹം, വിൽപ്പനക്കാരൻ ബ്രഹ്‌മദത്തൻ നമ്പൂതിരി; പോലീസ് വിരട്ടിയതോടെ വ്യാജ വിഗ്രഹവും ഷാജിയും! തൃശ്ശൂരിൽ ഏഴുപേർ അറസ്റ്റിൽ

തൃശ്ശൂർ: വ്യാജവിഗ്രഹത്തിന് നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്ന് അവകാശപ്പെട്ട് വിൽപ്പനയ്ക്ക് ശ്രമിച്ച തട്ടിപ്പ് സംഘം പിടിയിൽ. തൃശ്ശൂർ സിറ്റി ഷാഡോ പോലീസും പാവറട്ടി പോലീസും ചേർന്നാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. വാങ്ങാനെത്തിയവർ എന്ന വ്യാജേനെയാണ് പോലീസ് തട്ടിപ്പുകാരെ സമീപിച്ചത്.

പാവറട്ടി പാടൂരിലെ ഒരു വീട് കേന്ദ്രീകരിച്ച് വിഗ്രഹം വിൽപ്പനയ്ക്കുവെച്ചിട്ടുണ്ടെന്നുള്ള വിവരം പോലീസിന് കിട്ടിയതോടെയാണ് ഷാഡോ പോലീസ് ഇവരെ സമീപിച്ചത്. തങ്കത്തിൽ തീർത്ത വിഗ്രഹം നൂറ്റാണ്ടുകൾ മുമ്പ് കവടിയാർ കൊട്ടാരത്തിൽനിന്ന് മോഷണം പോയതാണെന്നും രണ്ടരക്കോടി കോടതിയിൽ കെട്ടിവെച്ചതിനുശേഷം വിട്ടുകിട്ടിയതാണെന്നുമാണ് പ്രതികൾ ഇടനിലക്കാരോട് പറഞ്ഞിരുന്നത്. ഇതെല്ലാം സാധൂകരിക്കുന്ന വ്യാജ സർട്ടിഫിക്കറ്റുകളുമുണ്ടായിരുന്നു. ഇരുപതുകോടി വിലപറഞ്ഞ വിഗ്രഹം പത്തുകോടിക്ക് വാങ്ങാമെന്ന് പോലീസ് ഇടനിലക്കാർ മുഖാന്തരം സംഘത്തെ അറിയിച്ച് വിശ്വാസം നേടിയെടുത്തിരുന്നു.

പാവറട്ടി പാടൂർ മതിലകത്ത് അബ്ദുൾ മജീദ് (65), തിരുവനന്തപുരം തിരുമല തച്ചോട്ടുകാവ് അനിഴം നിവാസിൽ ഗീതാറാണി (63), പത്തനംതിട്ട കളരിക്കൽ ചെല്ലപ്പമണി ഷാജി (വ്യാജപേര് ബ്രഹ്‌മദത്തൻ നമ്പൂതിരി)(38) ആലപ്പുഴ കറ്റാനം പള്ളിക്കൽ വിഷ്ണുസദനം ഉണ്ണികൃഷ്ണൻ (33), എളവള്ളി കണ്ടംപുള്ളി സുജിത് രാജ് (39), തൃശ്ശൂർ പടിഞ്ഞാറേക്കോട്ട കറമ്പക്കാട്ടിൽ ജിജു (45), പുള്ള് തച്ചിലേത്ത് അനിൽകുമാർ (40) എന്നിവരാണ് പിടിയിലായത്.

അറസ്റ്റിലായ ഗീതാ റാണിക്കെതിരെ വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണം ഈടാക്കിയത് ഉൾപ്പെടെ തട്ടിപ്പുകേസുകൾ ഉണ്ട്. ഷാജിക്കെതിരേ തൃശ്ശൂർ ടൗൺ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ തട്ടിപ്പുകേസുണ്ട്. സ്വർണം പൂശിയ വിഗ്രഹം, വ്യാജമായി തയ്യാറാക്കിയ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്, കോടതിയിൽനിന്നുള്ള വ്യാജ വിടുതൽരേഖ, തനി തങ്കമാണെന്ന് വിശ്വസിപ്പിക്കുന്നതിനായി റീജണൽ ഫോറൻസിക് ലബോറട്ടറിയുടെ വ്യാജ സീൽ പതിപ്പിച്ച രേഖകൾ, മൂന്ന് കാറുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു.

പാവറട്ടി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ എംകെ രമേഷ്, സബ് ഇൻസ്‌പെക്ടർ രതീഷ്, ജോഷി, ഷാഡോ പോലീസ് സബ് ഇൻസ്‌പെക്ടർമാരായ എൻ ജി സുവ്രതകുമാർ, പിഎം റാഫി, കെ ഗോപാലകൃഷ്ണൻ, പി രാഗേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പഴനിസ്വാമി, ജീവൻ ടിവി, എംഎസ് ലിഗേഷ്, വിപിൻദാസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Exit mobile version