വിലക്കയറ്റം പിടിച്ചുനിർത്താൻ സപ്ലൈകോയുടെ സഞ്ചരിക്കുന്ന മാവേലി സ്‌റ്റോറുകൾ; ഫ്‌ലാഗ് ഓഫ് ചെയ്ത് മന്ത്രി ജിആർ അനിൽ

തിരുവനന്തപുരം: വിലക്കയറ്റത്തെ പിടിച്ചുകെട്ടാനായി സർക്കാരിന്റെ നേതൃത്വത്തിൽ സമഗ്രമായ ഇടപെടൽ. സപ്ലൈകോയും വകുപ്പ് മന്ത്രി ജിആർ അനിലും ആവിഷ്‌കരിച്ചിരിക്കുന്ന നൂതനമായ പദ്ധതികൾ പ്രകാരം പരമാവധി കുറഞ്ഞവിലയിൽ ഭക്ഷ്യവസ്തുക്കൾ സാധാരണക്കാരിലെത്തും. മൊബൈൽ മാവേലി സ്റ്റോർ വഴിയാണ് ഭക്ഷ്യധാന്യ വിതരണം നടക്കുന്നത്.

സഞ്ചരിക്കുന്ന മാവേലി സ്‌റ്റോറുകളുടെ സംസ്ഥാനതല ഫ്‌ലാഗ് ഓഫ് തിരുവനന്തപുരം പാളയം മാർക്കറ്റിനു സമീപം ഭക്ഷ്യ- പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ. ജിആർ അനിൽ നിർവ്വഹിച്ചു. ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവൻകുട്ടിയും സന്നിഹിതനായിരുന്നു.

കയ്യൂരിൽ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളുടെ ഫ്‌ലാഗ് ഓഫ് എം രാജഗോപാലൻ എംഎൽഎ നിർവ്വഹിച്ചു.

പൊതുജനങ്ങളുടെ സമീപത്തേക്ക് ഭക്ഷ്യവസ്തുക്കൾ കുറഞ്ഞവിലയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സപ്ലൈകോ ആരംഭിച്ച സഞ്ചരിക്കുന്ന മാവേലി സ്‌റ്റോറുകൾ ചൊവ്വാഴ്ചയാണ് പ്രവർത്തനം ആരംഭിച്ചത്.

എല്ലാ ജില്ലകളിലും അഞ്ച് വാഹനങ്ങളിലാണ് സഞ്ചരിക്കുന്ന മാവേലി സ്റ്റോർ തയ്യാറാക്കിയിരിക്കുന്നത്. രണ്ട് ദിവസങ്ങളിലായി അമ്പത് കേന്ദ്രങ്ങളിൽ മാവേലി സ്റ്റോർ എത്തും. ഒരു താലൂക്കിലെ പത്ത് കേന്ദ്രങ്ങളിലേക്കാണ് ഒരു മൊബൈൽ മാവേലി സ്‌റ്റോർ എത്തുക. മലയോരം, തീരപ്രദേശം, ആദിവാസി ഊരുകൾ തുടങ്ങിയ പ്രദേശങ്ങൾക്ക് മുൻഗണനയുണ്ട്.

ആദ്യത്തെ രണ്ട് ദിവസങ്ങളിൽ തിരുവനന്തപുരം ജില്ലയിലാണ് മാവേലി സ്റ്റോർ സഞ്ചരിക്കുക. ഡിസംബർ 2,3 തീയതികളിൽ കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും, 4,5 തീയതികളിൽ പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളിലും എത്തും. 6,7 തീയതികളിൽ ആലപ്പുഴ, തൃശ്ശൂർ ജില്ലകളിലും ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ 8,9 തീയതികളിലാണ് വിതരണം.

സംസ്ഥാനത്തെ അഞ്ച് മേഖലകളിലുള്ള 52 ഡിപ്പോകളിലാണ് സാധനങ്ങൾ ഇതിനായി സംഭരിച്ചിരിക്കുന്നത്. മാവേലി ഔട്ട്‌ലെറ്റുകളിലെ സബ്‌സിഡി വിതരണത്തെ ബാധിക്കാത്ത രീതിയിലായിരിക്കും സാധനങ്ങളുടെ വിതരണം നടക്കുക.

Exit mobile version