രാജ്യത്ത് ഭാരത് റൈസ് വിതരണം തൃശൂരില്‍ മാത്രം; കേന്ദ്ര സര്‍ക്കാര്‍ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നു: മന്ത്രി ജിആര്‍ അനില്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ഭാരത് റൈസ് ഇറക്കി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നുവെന്ന് സംസ്ഥാന ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍. കേന്ദ്രത്തിന്റെ നടപടിക്ക് പിന്നില്‍ സങ്കുചിത രാഷ്ട്രീയമാണ്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഭാരത് റൈസ് വിതരണം ചെയ്യുന്നില്ല. രാജ്യത്ത് തന്നെ ഈ അരി എത്തിച്ചത് തൃശൂരില്‍ മാത്രമാണ്. കേന്ദ്ര സെക്രട്ടറിയേറ്റ് ബിജെപി ആര്‍എസ്എസ് കേന്ദ്രങ്ങളായി മാറിയെന്നും ജി ആര്‍ അനില്‍ കുറ്റപ്പെടുത്തി.

സപ്ലൈകോയില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും തൊഴിലാളികളെ പിരിച്ചു വിടില്ല. ഒരു കടയും അടച്ചുപൂട്ടില്ല. പ്രയാസങ്ങള്‍ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ജി ആര്‍ അനില്‍ പറഞ്ഞു. കേരളത്തിലെ ഭാരത് റൈസ് വിതരണം രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണ്. മറ്റൊരു സംസ്ഥാനത്തും ഭാരത് അരി വിതരണമില്ല.

കേന്ദ്രത്തിന്റെ നടപടി സങ്കുചിത രാഷ്ട്രീയമാണ്. നേരിട്ടുള്ള വിതരണം ഫെഡറല്‍ മര്യാദകളുടെ ലംഘനമാണെന്നും സപ്ലൈകോയില്‍ അരിയില്ലെന്ന് വരുമ്പോള്‍ ജനങ്ങളെ സംസ്ഥാന സര്‍ക്കാരിനെതിരെ തിരിക്കുന്ന നടപടിയാണിതെന്നും മന്ത്രി വിമര്‍ശിച്ചു.

ALSO READ- ‘തെറ്റ് പറ്റിപ്പോയി! വിരാട് കോഹ്‌ലി വീണ്ടും അച്ഛനാകാൻ പോകുന്നെന്ന് പറഞ്ഞത് സത്യമല്ല!’; വാക്കുകൾ തിരിച്ചെടുത്ത് ഡിവില്ലിയേഴ്‌സ്

ഇത് സംസ്ഥാനസര്‍ക്കാരിനെതിരെ തിരിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന സങ്കുചിത നടപടിയാണ്. റിലയന്‍സിനെ കേരളത്തിലെ മാര്‍ക്കറ്റില്‍ എത്തിക്കാനാണ് ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നടപടി കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയണമെന്നും ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടു.

ഭാരത് റൈസ് കിലോയ്ക്ക് 29 രൂപ നിരക്കിലാണ് കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. നാഫെഡ്, നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍, കേന്ദ്രീയ ഭണ്ഡാര്‍ തുടങ്ങിയവര്‍ക്കാണ് വിതരണച്ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.

Exit mobile version