തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു

തൃശൂർ: സംസ്ഥാനത്ത് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചത്. സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ വൈറോളജി ലാബിലാണ് പരിശോധന നടത്തിയത്. ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്ന് വൈറസ് പകർന്നതാണെന്നാണ് പ്രാഥമിക നിഗമനം.

വയറിളക്കം, വയറുവേദന, തലവേദന,ഛർദ്ദി,പനി,ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങൾ. ആരോഗ്യമുള്ളവരിൽ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ട്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗം പടരും.

വൈറസ് ബാധിച്ച് രണ്ട് ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. വൈറസ് ബാധിതർ വീട്ടിലിരിക്കേണ്ടതും, ഒ.ആർ.എസ് ലായനി, തിളപ്പിച്ചാറിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ലക്ഷണങ്ങൾക്ക് അനുസരിച്ച് ചികിത്സ ലഭ്യമാണ്.

രോഗികൾ മറ്റുള്ളവർക്ക് ഭക്ഷണം പാകം ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഒന്ന് മുതൽ മൂന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗലക്ഷണങ്ങൾ മാറാം. എന്നാൽ അത് കഴിഞ്ഞുള്ള രണ്ട് ദിവസങ്ങൾ വരെ രോഗിയിൽ നിന്ന് വൈറസ് പടരാൻ സാധ്യതയുണ്ട്. അതിനാൽ രോഗം മാറി കുറഞ്ഞത് രണ്ടു ദിവസത്തേക്കെങ്കിലും പുറത്തു പോകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

Exit mobile version