പ്ലസ് വണ്‍ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഫലങ്ങളാണ് നാളെ പ്രഖ്യാപിക്കുക. ഫലം രാവിലെ പതിനൊന്ന് മണിയോടെ ഹയര്‍ സെക്കന്ററി വെബ് സൈറ്റില്‍ ലഭ്യമാകും.

സംസ്ഥാനത്ത് പ്ലസ് വണ്ണിന് 50 അധിക ബാച്ചുകള്‍ അനുവദിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു. ഏഴ് ജില്ലകളില്‍ 50 അധിക താത്കാലിക ബാച്ചുകള്‍ അനുവദിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശുപാര്‍ശ. ഇന്നു ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പോലും പ്ലസ് വണ്ണിന് അഡ്മിഷന്‍ കിട്ടാതെ വന്നതോടെയാണ് അധിക ബാച്ചുകള്‍ അനുവദിക്കണമെന്ന ആവശ്യമുയര്‍ന്നത്. ആദ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കിലും അലോട്ട്മെന്റുകള്‍ പൂര്‍ത്തിയായിട്ടും ആയിരക്കണക്കിന് കുട്ടികള്‍ പുറത്തായതോടെയാണ് സര്‍ക്കാര്‍ പുതിയ ബാച്ചുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചത്.

സ്‌കൂളുകളില്‍ അധ്യയനം വൈകുന്നേരം വരെയാക്കാനും വിദ്യാഭ്യാസ വകുപ്പ് ശിപാര്‍ശ ചെയ്തു. നിലവില്‍ ഉച്ചക്ക് ഒരു മണിവരെയാണ് സ്‌കൂളുകളില്‍ അധ്യയനം നടക്കുന്നത്. പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ വേണ്ട സമയം ലഭിക്കുന്നില്ല എന്ന അധ്യാപകരുടെ പരാതികള്‍ പരിഗണിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

എത്രയും വേഗം സ്‌കൂളുകളുടെ പ്രവൃത്തിസമയം രാവിലെ മുതല്‍ വൈകുന്നേരം വരെയാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. 90 ശതമാനത്തിലധികം കുട്ടികള്‍ സ്‌കൂളുകളിലെത്താന്‍ തുടങ്ങിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകള്‍ പറയുന്നത്. മുഖ്യമന്ത്രിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

Exit mobile version