പ്ലസ് വൺ പരീക്ഷാ ഫലം ഇന്ന്; സ്‌കൂളുകളുടെ സമയം നീട്ടുന്നതിൽ തീരുമാനം ഇന്നറിയാം

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഒന്നാം വർഷ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലവും ഇന്ന് അറിയാം. 11 മണിയോടെ ഹയർ സെക്കൻഡറി വകുപ്പിന്റെ വെബ്സൈറ്റിലൂടെ ഫലം അറിയാനാകും.

അതേ സമയം സംസ്ഥാനത്തെ സ്‌കൂളുകളുടെ സമയം വൈകുന്നേരം വരെ നീട്ടാനുള്ള വിദ്യാഭ്യാസ വകുപ്പ് ശുപാർശയിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകും. ഉച്ച വരെയുള്ള ക്ലാസ് കൊണ്ട് പാഠഭാഗം തീരില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സമയം നീട്ടുന്നത്.

ഉച്ച വരെയുള്ള ക്ലാസുകൾ വൈകുന്നേരം വരെയാക്കാനാണ് തീരുമാനം. സമയം നീട്ടുമ്പോഴും വിവിധ ദിവസങ്ങളിൽ ബാച്ചുകളായുള്ള പഠനം തുടരും. ബയോ ബബിൾ അടക്കമുള്ള കൊവിഡ് പ്രോട്ടോക്കോളും നിലനിർത്തും. ഇതിൽ നയപരമായ തീരുമാനം മുഖ്യമന്ത്രിയെടുക്കും.

സമയമാറ്റത്തിനൊപ്പം പരീക്ഷാ കലണ്ടറിലും തീരുമാനം ഉടൻ വരും. പരീക്ഷകൾക്ക് മുൻവർഷത്തെ പോലെ മുഴുവൻ പാഠഭാഗങ്ങളും പഠിക്കുന്നതിന് പകരം ഫോക്കസ് എരിയ നിശ്ചയിക്കുന്നതാണ് പരിഗണനയിൽ ഉള്ളത്.

Exit mobile version