സര്‍ക്കാറിന്റെ കരുതല്‍: അസ്‌നക്കിനി പ്ലസ് വണ്‍ പരീക്ഷ എഴുതാം; ഒരു വിദ്യാര്‍ത്ഥിനിക്ക് മാത്രം പരീക്ഷ ഫീസ് അടക്കാന്‍ സ്‌പെഷ്യല്‍ ഓര്‍ഡര്‍

കോലഞ്ചേരി: സര്‍ക്കാറിന്റെ കരുതലില്‍ അസ്‌നക്കിനി പ്ലസ് വണ്‍ പരീക്ഷ എഴുതാം. ബ്രഹ്‌മപുരം സ്വദേശിനി അസ്‌ന കെഎം എന്ന വിദ്യാര്‍ത്ഥിനിക്കാണ് സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ ഓര്‍ഡറിലൂടെ പ്ലസ് വണ്‍ പുന: പ്രവേശനത്തിനും പരീക്ഷയെഴുതാനും അവസരമൊരുങ്ങിയത്.

പ്ലസ് വണ്‍ പ്രൈവറ്റായി പഠിക്കുകയാണ് ഈ വിദ്യാര്‍ത്ഥിനി. എന്നാല്‍ നിര്‍ദ്ദിഷ്ട സമയത്ത് പരീക്ഷ ഫീസ് അടക്കാത്തതിനാല്‍ അഡ്മിഷന്‍ നഷ്ടമാകുകയും ചെയ്തു. ഒരു വര്‍ഷം തന്നെ നഷ്ടമാകുമെന്ന സാഹചര്യത്തിലാണ് അസ്‌നയും കുടുംബവും വാര്‍ഡ് മെമ്പര്‍ കൂടിയായ പുത്തന്‍കുരിശ് പഞ്ചായത്തംഗം നവാസിനോട് ആവലാതി പറഞ്ഞത്.

കഴിഞ്ഞ ദിവസം രാവിലെ ഇവര്‍ വാര്‍ഡ് മെമ്പറോടൊപ്പം കുന്നത്തുനാട് എംഎല്‍എ അഡ്വ. പിവി ശ്രീനിജിനെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചു. തുടര്‍ന്ന് അടിയന്തിര ഇടപെടല്‍ നടത്തിയ എംഎല്‍എ പൊതു വിദ്യാഭ്യാസ സെക്രട്ടറിയേയും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയേയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. ഇതോടെ കാര്യങ്ങള്‍ ധ്രുത ഗതിയിലായി.

ഒടുവില്‍ റീ അഡ്മിഷന്‍ നല്‍കിയും പരീക്ഷാ ഫീസ് അടക്കാന്‍ അനുവദിച്ചും വെള്ളിയാഴ്ച രാവിലെ തന്നെ സര്‍ക്കാര്‍ സ്‌പെഷല്‍ ഉത്തരവിറക്കിയതോടെ അസ്‌നയുടെ പരിശ്രമം വിജയത്തിലെത്തുകയായിരുന്നു.

ഒരു വിദ്യാര്‍ത്ഥിനിക്ക് മാത്രം പരീക്ഷ ഫീസ് അടക്കുന്നതിനായി സ്‌പെഷ്യല്‍ ഓര്‍ഡര്‍ ഇറക്കുക എന്ന അപൂര്‍വ്വ നടപടിയാണ് ഇക്കാര്യത്തിലുണ്ടായതെന്നും ഇടപെടല്‍ നടത്താന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടന്നും പിവി ശ്രീനിജിന്‍ എംഎല്‍എ പറഞ്ഞു.

Exit mobile version