പിണറായി വിജയന്റെ വികസന സമീപനം പ്രൊഫഷണലാണെന്നാണ് ശശി തരൂര്‍ എം.പി; പോരാട്ടവീര്യം കെടുത്തരുതെന്ന് ടോണി ചമ്മിണി, രൂക്ഷവിമര്‍ശനം

Tony Chammini | Bignewslive

കൊച്ചി: തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിനെതിരെ വിമര്‍ശനവുമായി എറണാകുളത്തെ കോണ്‍ഗ്രസ് നേതാവും, മുന്‍ കൊച്ചി നഗരസഭ മേയറുമായ ടോണി ചമ്മിണി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച ശേഷം അദ്ദേഹത്തെ പുകഴ്ത്തി സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടതു സംബന്ധിച്ചാണ് ടോണിയുടെ വിമര്‍ശനം.

ആലുവ പോലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് നടത്തുന്ന സമരത്തിന്റെ വീര്യം കെടുത്തുന്നതാണ് തരൂരിന്റെ പോസ്റ്റ് എന്ന് ടോണി കുറിക്കുന്നു.ഒരു എംപിയും നാല് എംഎല്‍എമാരും ഒരു നാടും നീതിക്കായി മൂന്ന് ദിവസമായി പോലീസ് സ്റ്റേഷന്‍ വരാന്തയില്‍ ഊണും ഉറക്കവുമില്ലാതെ പോരാടുകയാണ്. അവരുടെ പോരാട്ടാവീര്യം കെടുത്തരുത് എന്ന് ടോണി തരൂരിനോട് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന സമീപനം പ്രൊഫഷണലാണെന്നാണ് ശശി തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു. മുഖ്യമന്ത്രിയോടൊപ്പം സംസാരിക്കുന്നതും വികസനത്തോടുള്ള അദ്ദേഹത്തിന്റെ പ്രൊഫഷണല്‍ സമീപനത്തില്‍നിന്നു കാര്യം മനസിലാക്കുന്നതും എല്ലായ്പ്പോഴും സന്തോഷം നല്‍കുന്ന കാര്യമാണെന്ന് ശശി തരൂര്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

വിശ്വപൗരന്‍ ആണെന്നതില്‍ സന്തോഷം. കേരളം ഈ ദിവസങ്ങളില്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന നിര്‍ഭാഗ്യകരവും ദാരുണവും അതിവൈകാരികവുമായ സംഭവവികാസങ്ങളും അതിന്മേല്‍ നമ്മുടെ മുഖ്യമന്ത്രിയുടെ പ്രൊഫഷണലായ ഇടപെടലുകളും അങ്ങ് കോംപ്ലിമെന്റ് ചെയ്യുമായിരിക്കുമല്ലേ!
ഒരു എംപിയും നാല് എംഎല്‍എമാരും ഒരു നാടും നീതിക്കായി മൂന്ന് ദിവസമായി പോലീസ് സ്റ്റേഷന്‍ വരാന്തയില്‍ ഊണും ഉറക്കവുമില്ലാതെ പോരാടുകയാണ്. അവരുടെ പോരാട്ടാവീര്യം കെടുത്തരുത്!
അപേക്ഷയാണ്..

Exit mobile version