പ്രണയിച്ച് വിവാഹം, ഒരു രൂപ പോലും സ്ത്രീധനം വേണ്ടെന്ന് പറഞ്ഞവർ സിനിമ പിടിക്കാൻ 40 ലക്ഷം ചോദിച്ച് വഴക്കുണ്ടാക്കി, തലാഖ് ചൊല്ലി നോട്ടീസയച്ചു, സുഹൈലിന് എതിരെ മൊഫിയയുടെ കുടുംബം

കൊച്ചി: ആലുവ എടയപ്പുറത്ത് 23കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃവീട്ടുകാർക്ക് എതിരെ യുവതിയുടെ കുടുംബം. ഒരു രൂപ പോലും സ്ത്രീധനം വേണ്ട എന്ന് പറഞ്ഞതാണ് വിവാഹം നടന്നത് എന്നാൽ വിവാഹ ശേഷം 40 ലക്ഷം രൂപ രൂപ സിനിമ നിർമ്മിയ്ക്കാൻ വേണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടു ഇത് നൽകാനാവില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് മരിച്ച മൊഫിയയുടെ പിതാവ് പറയുന്നു.

കുടുംബവഴക്കിനെ തുടർന്ന് ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ മൊഫിയ ഇന്നലെ ആലുവ പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് തിരികെ വീട്ടിലെത്തിയ ശേഷമാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പരാതി നൽകി വീട്ടിലെത്തിയ ശേഷം മൊഫിയ കതകടച്ചിരിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തു വരാത്തതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് വേണ്ടി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

അതേസമയം, രണ്ട് മാസം മുമ്പാണ് സുഹൈൽ മൊഫിയയ്ക്ക് തലാഖ് ചൊല്ലി നോട്ടീസയച്ചന്നതെന്ന് കുടുംബം പറയുന്നു. ഇതോടൊപ്പം 2500 രൂപയും അയച്ചിരുന്നു. വിവാഹമോചനശേഷം മതാചാരപ്രകാരമുള്ള ഇദ്ദ ഇരിക്കാനാണ് പണം അയച്ചത്. ഇതും പരാതിയായി പോലീസിന് നൽകിയിരുന്നതാണ്. എന്നാൽ പോലീസ് ഗാർഹികപീഡനമടക്കം ഒരു പരാതിയും കാര്യമായി എടുത്തില്ലെന്ന് മൊഫിയ പർവീണിന്റെ പിതാവ് പറയുന്നു. ഇന്നലെ സ്റ്റേഷനിലെത്തിയപ്പോൾ സിഐ മകളെ ചീത്ത വിളിച്ചു. ഇക്കാര്യം മോഫിയ ആത്മഹത്യാക്കുറിപ്പിലും എഴുതിയിട്ടുണ്ട്. എന്നാൽ ഭർത്താവിനോട് മോശമായി സംസാരിച്ചതിന് താക്കീത് നൽകുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസ് വിശദീകരണം. കടുത്ത ആരോപണങ്ങളുയർന്നതിനെത്തുടർന്ന് സ്റ്റേഷൻ സിഐയെ ചുമതലയിൽ നിന്ന് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. ആത്മഹത്യ ആലുവ ഡിവൈഎസ്പി അന്വേഷിക്കും. എന്നാൽ സിഐയെ സസ്‌പെൻഡ് ചെയ്യാതെ ഒരു അന്വേഷണത്തിനോടും സഹകരിക്കാനില്ലെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ നിലപാട്.

ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെയുള്ള പരാതിയിൽ പോലീസ് സ്റ്റേഷനിൽ നിന്ന് മൊഫിയയെ ഒത്തു തീർപ്പിന് വിളിപ്പിച്ചിരുന്നു. ഒത്തു തീർപ്പ് ചർച്ചകൾക്കിടെ മൊഫിയയും ഭർതൃ വീട്ടുകാരും തമ്മിൽ വാക്കേറ്റം ഉണ്ടായി. ഭർത്താവിനെ പെൺകുട്ടി അടിച്ചതായും പോലീസ് പറയുന്നു. ഈ സാഹചര്യത്തിൽ സ്റ്റേഷനിൽ വെച്ച് ഇത്തരം കാര്യങ്ങൾ പാടില്ല എന്ന് താക്കീത് ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് പോലീസ് വിശദീകരണം.

അതേസമയം, പോലീസിനെതിരെയും ആത്മഹത്യാ കുറിപ്പിൽ പരാമർശങ്ങളുണ്ട്. തനിക്ക് നീതി ലഭിച്ചില്ല എന്നതാണ് പോലീസിനെതിരായ പരാമർശം. തൊടുപുഴയിൽ സ്വകാര്യ കോളേജിൽ എൽഎൽബി വിദ്യാർത്ഥിയാണ് മൊഫിയ. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടയാളെയാണ് പെൺകുട്ടി വിവാഹം കഴിച്ചത്.

Exit mobile version