അനുപമയുടേയും അജിത്തിന്റേയും ഡിഎൻഎ സാംപിളെടുത്തു; കുഞ്ഞിനെ പരിശോധനയ്ക്ക് കേരളത്തിലെത്തിച്ചത് സുതാര്യത ഉറപ്പാക്കാനാണെന്ന് മന്ത്രി

തിരുവനന്തപുരം: സമ്മതമില്ലാതെ ദത്ത് നൽകിയെന്ന വിവാദത്തിൽ ഡിഎൻഎ പരിശോധനയ്ക്കായുള്ള സാംപിൾ ശേഖരണം കഴിഞ്ഞു. അധികൃതർ കുഞ്ഞിന്റെ ഡിഎൻഎ സാംപിൾ നിർമ്മലാ ശിശു ഭവനിലെത്തി ശേഖരിച്ചു. പിന്നാലെ അനുപമയോടും അജിത്തിനോടും സാംപിൾ നൽകാൻ നിർദേശം നൽകി.

ആന്ധ്രയിൽ നിന്ന് കുഞ്ഞ് എത്തിയ ശേഷം വളരെ വേഗമാണ് തുടർനടപടി ക്രമങ്ങൾ നടക്കുന്നത്. അതേസമയം, പരിശോധനയ്ക്ക് മുമ്പ് കുഞ്ഞിനെ കാണണമെന്ന് അനുപമ ആവശ്യപ്പെട്ടെങ്കിലും ഇപ്പോൾ കുഞ്ഞിനെ കാണാനാകില്ലെന്നാണ് വനിതാ ശിശുക്ഷേമവകുപ്പിന്റെ നിലപാട്. കുഞ്ഞിന്റെ സാംപിൾ എടുത്തതിന് ശേഷം അടുത്ത നടപടി അനുപമയുടെയും അജിത്തിന്റെയുംസാംപിൾ ശേഖരണമായിരുന്നു.

മൂന്ന് ദിവസത്തിനുള്ളിൽ തന്നെ പരിശോധനാഫലം വരുമെന്നാണ് പ്രതീക്ഷ. ഫലം പോസിറ്റീവായാൽ നിയമോപദേശം തേടിയ ശേഷം ശിശുക്ഷേമസമിതി തുടർനടപടികൾ എടുക്കും. ശിശുക്ഷേമസമിതിക്ക് അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകുന്നതിൽ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന കാര്യത്തിൽ പരിശോധന നടന്നുവരികയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു.

വനിതാശിശുക്ഷേമ ഡയറക്ടർ ടിവി അനുപമ ഇക്കാര്യത്തിൽ നടത്തുന്ന അന്വേഷണം പൂർത്തിയായി എന്നാണ് മനസ്സിലാക്കുന്നതെന്നും ഡിഎൻഎ പരിശോധന നടത്താൻ ഉത്തരവ് വന്ന ശേഷം വളരെ വേഗത്തിൽത്തന്നെയാണ് എല്ലാ നടപടികളും പൂർത്തിയാക്കിയതെന്നും മന്ത്രി പ്രതികരിച്ചു.

എല്ലാ കാലതാമസവും ഒഴിവാക്കാൻ ഇടപെട്ടു. എല്ലാ നടപടികളും വീഡിയോ ആയി പകർത്തിയിട്ടുണ്ട്. ആരോപണങ്ങൾ ഇനി ഉയരാതിരിക്കാനാണ് ഇതെന്നും കുഞ്ഞിൻറെ ഡിഎൻഎ പരിശോധന ആന്ധ്രയിൽവച്ച് തന്നെ നടത്താമായിരുന്നു. എന്നാലിത് ഒഴിവാക്കി കേരളത്തിലേക്ക് കുഞ്ഞിനെ കൊണ്ടുവന്ന് ഡിഎൻഎ പരിശോധന നടത്താൻ തീരുമാനിച്ചത് സുതാര്യത ഉറപ്പാക്കാനാണെന്നും മന്ത്രി വിശദീകരിച്ചു.

Exit mobile version