നാട്ടിലേക്ക് മടങ്ങാന്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തി; മനിതി സംഘത്തിലെ സ്ത്രീകള്‍ക്കെതിരെ പ്രതിഷേധം

ശബരിമലയില്‍ ദര്‍ശനം നടത്താനാകാതെ മടങ്ങിയ മനിതി സംഘത്തിലെ സ്ത്രീകള്‍ക്കെതിരെ പുറത്തും പ്രതിഷേധം.

തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനം നടത്താനാകാതെ മടങ്ങിയ മനിതി സംഘത്തിലെ സ്ത്രീകള്‍ക്കെതിരെ പുറത്തും പ്രതിഷേധം. നാട്ടിലേക്ക് മടങ്ങാനായി തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ മനിതി സംഘത്തിലെ മൂന്ന് പേര്‍ക്കെതിരൊണ് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. കഴിഞ്ഞ ദിവസം ദര്‍ശനത്തിനെത്തിയ പതിനൊന്നംഗ മനിതി സംഘത്തിനൊപ്പം ചേരാനെത്തിയവരായിരുന്നു ഇവര്‍. ഇന്നലെ പത്തനംതിട്ടയിലെത്തിയ ഇവര്‍ ഇന്ന് തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് മടങ്ങുമ്പോഴായിരുന്നു പ്രതിഷേധം.

സുരക്ഷ മുന്‍നിര്‍ത്തി ഭിന്നശേഷിക്കാര്‍ക്കുള്ള ബോഗിയിലാണ് ഇവരെ കയറ്റിയയച്ചത്. അതിനെ ചോദ്യം ചെയ്തും അവരെ ഇറക്കി വിടണമെന്നും ആവശ്യപ്പെട്ടും ബിജെപി ജില്ലാ സെക്രട്ടറി എസ് സുരേഷിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്. ഈ ബോഗിയുടെ കതകുകളും ജനലുകളും പോലീസ് അടച്ചിട്ടിരുന്നു.

റെയില്‍വെ-സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരോട് ബിജെപി പ്രവര്‍ത്തകര്‍ തട്ടിക്കയറുകയും ട്രെയിനകത്തേക്ക് കയറാനുള്ള ശ്രമവും നടത്തി. ട്രെയിനിന് മുന്നിലേക്ക് ഇറങ്ങി പ്രതിഷേധിക്കാനും ശ്രമിച്ചു.

Exit mobile version