സർക്കാരിന് ആവശ്യം ഇതുപോലുള്ള ചുണക്കുട്ടികളെ; കേരളാ ഫയർഫോഴ്‌സിന് അഭിനന്ദനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനം നേരിട്ട ദുരന്ത സമയങ്ങളിലെ കേരളാ ഫയർഫോഴ്‌സിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിരന്തരമായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെ നേരിടാൻ നൂതനമായ മാർഗങ്ങൾ തേടണം. സിവിൽ ഡിഫൻസ് ഫോഴ്‌സ് പൂർണ തോതിൽ സജ്ജമാണ്. അടിയന്തര സാഹചര്യം നേരിടാൻ ഫയർഫോഴ്‌സ് സേനയെ സജ്ജമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉയർന്ന നിലവാരമുള്ള മാനവ വിഭവ ശേഷിയാണ് സർക്കാർ സേവനങ്ങൾക്ക് പ്രധാനം. അഗ്നിരക്ഷാ സേനയുടെ ആപ്തവാക്യത്തെ പൂർണമായും പ്രവർത്തിയിലൂടെ കാണിച്ചുകൊടുക്കേണ്ടവരാണ് ഫയർഫോഴ്‌സ്. കേരളത്തിലെ ഫയർഫോഴ്‌സിന് കഴിഞ്ഞ നാളുകളിൽ അതിനുസാധിച്ചു.

നൂറ്റാണ്ടിലെ മഹാപ്രളയം, തുടർച്ചയായുണ്ടായ കാലവർഷക്കെടുതികൾ, ഉരുൾപൊട്ടൽ എന്നീ ദുരന്തങ്ങളിലെല്ലാം സ്വന്തം ജീവൻ പണയപ്പെടുത്തി പ്രവർത്തിച്ചവരാണ് കേരള ഫയർഫോഴ്‌സ്. ഒരു ഘട്ടത്തിൽ വീടുകളിലേക്ക് മരുന്നുകൾ നേരിട്ടെത്തിക്കുന്നതിൽ വരെയും ഫയർഫോഴ്‌സ് മുന്നിലുണ്ടായിരുന്നു.

സർക്കാർ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടി രണ്ടുതരത്തിലുള്ള ഇടപെടലുകളാണ് പ്രധാനമായും വേണ്ടത്. ഉയർന്ന നിലവാരമുള്ള മാനവവവിഭവ ശേഷി സർക്കാർ സർവീസിന്റെ ഭാഗമാകുക, രണ്ട്, അവരുടെ സേവനങ്ങൾ കാര്യക്ഷമമയായി നിർവഹിക്കാനാകുന്ന അടിസ്ഥാന സൗകര്യങ്ങളുണ്ടാവുക. ഇവയ്ക്ക് രണ്ടുമാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Exit mobile version