ശരിയെന്ന് തോന്നുന്നത് ഇനിയും വരയ്ക്കും: സംഘപരിവാര്‍ നടത്തുന്നത് അതിഭീകര സൈബര്‍ ആക്രമണം; കാര്‍ട്ടൂണിസ്റ്റ് അനൂപ് രാധാകൃഷ്ണന്‍

കൊച്ചി: അതിഭീകരമായ സൈബര്‍ ആക്രമണമാണ് സംഘപരിവാര്‍ തനിക്കെതിരെ
നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ലളിതകലാ അക്കാദമി പുരസ്‌കാര ജേതാവ് കാര്‍ട്ടൂണിസ്റ്റ് അനൂപ് രാധാകൃഷ്ണന്‍. താന്‍ രാജ്യദ്രോഹകുറ്റം ചെയ്തുവെന്നാണ് ബിജെപി പ്രചാരണം, എന്നാല്‍ ഇതെല്ലാം വസ്തുതകള്‍ മനസിലാക്കാതെയാണെന്ന് അനൂപ് പറയുന്നു.

2020 മാര്‍ച്ചില്‍ വരച്ച കാര്‍ട്ടൂണിനാണ് അവാര്‍ഡ് ലഭിച്ചത്. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തെ അടിസ്ഥാനമാക്കിയാണ് വര, വസ്തുതയുടെ അടിസ്ഥാനത്തില്‍ ശരിയെന്ന് തോന്നുന്നത് ഇനിയും വരക്കുമെന്നും അനൂപ് പറഞ്ഞു.

‘പൊളിറ്റിക്കല്‍ കാര്‍ട്ടൂണ്‍ വരക്കുമ്പോള്‍ ഉണ്ടാവുന്ന സ്വാഭാവിക വിമര്‍ശനങ്ങളെ താന്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ അവാര്‍ഡിന് പിന്നാലെ താന്‍ നേരിടുന്നത് അതിഭീകര സൈബര്‍ ആക്രമണമാണ്. താന്‍ രാജ്യദ്രോഹകുറ്റം ചെയ്തുവെന്നാണ് ബിജെപി പ്രചാരണം.

ഒരു കാര്‍ട്ടൂണ്‍ വരച്ചു, അതിന് അംഗീകാരം കിട്ടി എന്നതാണ് ഞാന്‍ ചെയ്ത തെറ്റ്. 2020 മാര്‍ച്ച് 5ന് വരച്ച് ഫേസ്ബുക്കില്‍ പങ്കുവെച്ച കാര്‍ട്ടൂണാണിത്. കോവിഡ് ഉള്‍പ്പെടെ അസാധാരണമായ സാഹചര്യമായിരുന്നു അതിന്. അതിനപ്പുറത്തേക്ക് ഗോമൂത്രം, ചാണക ചികിത്സ തുടങ്ങിയവയെല്ലാം പ്രചരിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടം കൂടിയായിരുന്നു. പാര്‍ട്ടി നേതാക്കള്‍ തന്നെയായിരുന്നു ഇതെല്ലാം പ്രചരിപ്പിച്ചത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലളിതകലാ അക്കാദമി 2019-20 കാലഘട്ടത്തില്‍ വരച്ച കാര്‍ട്ടൂണുകള്‍ക്കുള്ള അവാര്‍ഡിനായിരുന്നു ക്ഷണിച്ചത്. കോവിഡ് കാരണമാണ് ഫലപ്രഖ്യാപനം നീണ്ടത്. ഇന്ന് നൂറുകോടി വാക്‌സിന്‍ വിതരണം ചെയ്ത സാഹചര്യത്തിലല്ല കാര്‍ട്ടൂണ്‍ വരച്ചിട്ടുള്ളതെന്ന വസ്തുത മനസിലാക്കാതെയാണ് വാളെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തന്റെ നമ്പര്‍ നല്‍കികൊണ്ട് തുപ്പല്‍ കാര്‍ട്ടൂണ്‍ വരക്കാന്‍ ഇയാളെ ബന്ധപ്പെടാം എന്നാണ് ഇപ്പോള്‍ പ്രചാരണം നടക്കുന്നത്. ഇതെല്ലാം കൃത്യമായ അജണ്ഡയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ട്ടൂണിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഉത്തരവാദികളെ വെറുതെ വിടുമെന്ന് കരുതേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു

സവര്‍ണ ഫാസിസ്റ്റ് മനോഭാവങ്ങളെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണാണിത്. ഒരു അന്താരാഷ്ട്ര കൂടിക്കാഴ്ച്ചയില്‍ ഇന്ത്യയുടെ പ്രതിനിധിയായി പശുവിന്റെ രൂപത്തില്‍ കാവി പുതച്ച സന്യാസിയെയാണ് കാര്‍ട്ടൂണിസ്റ്റ് ചിത്രീകരിച്ചിരിക്കുന്നത്.

Exit mobile version