ശബരിമല വിധിയുടെ പേരില്‍ കലാപത്തിന് ആഹ്വാനം; രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാന്‍ ഉത്തരവ്

വിശ്വാസികള്‍ക്കിടയില്‍ കലാപത്തിന് ആഹ്വാനം ചെയ്ത രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാന്‍ ഉത്തരവ്.

കൊച്ചി: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിശ്വാസികള്‍ക്കിടയില്‍ കലാപത്തിന് ആഹ്വാനം ചെയ്ത രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാന്‍ ഉത്തരവ്. ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് രാഹുല്‍ ഈശ്വര്‍ കലാപത്തിന് ആഹ്വാനം ചെയ്തുവെന്നാരോപിച്ച് ആലപ്പുഴയിലെ പൊതുപ്രവര്‍ത്തകനായ സുഭാഷ് എം തീക്കാടന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച മജിസ്‌ട്രേറ്റ് ആര്‍.രജിതയാണ് അന്വേഷണം നടത്താന്‍ ആലപ്പുഴ സൗത്ത് പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമം 153 വകുപ്പ് പ്രകാരം കലാപത്തിന് ആഹ്വാനം ചെയ്ത കുറ്റത്തിന് എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്യാനാണ് കോടതി ഉത്തരവ്.

കഴിഞ്ഞ മാസം 30നും ഈ മാസം ഏഴിനും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത രാഹുല്‍ ഈശ്വര്‍ കലാപത്തിന് ആഹ്വാനം ചെയ്തെന്നാണ് ആരോപണം. സ്ത്രീകള്‍ ശബരിമലയില്‍ കയറുന്നത് തന്റെ നെഞ്ചില്‍ ചവിട്ടി മാത്രമേ സാധ്യമാകൂവെന്നും സംസ്ഥാനം മുഴുവന്‍ സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും പറഞ്ഞത് കലാപം സൃഷ്ടിക്കാന്‍ വേണ്ടിയാണെന്നും ഹര്‍ജിയില്‍ പറയുന്നു.

Exit mobile version