കണ്ണൂർ: ഇരിക്കൂറിൽ വെള്ളക്കെട്ടിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. പെടയങ്കോട് കുഞ്ഞിപള്ളിക്ക് സമീപം പാറമ്മൽ സാജിദിന്റെ മകൻ നസൽ (മൂന്ന്) ആണ് മരിച്ചത്.
വീട്ടിൽ കിണറ് കുഴിക്കുന്നതിന്റെ ഭാഗമായി കുഴിച്ച കുഴിയിലെ വെള്ളത്തിൽ വീണായിരുന്നു അപകടം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.
കളിക്കുന്നതിനിടെ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു കുട്ടി വെള്ളക്കെട്ടിലേക്ക് വീണത്. ഉടനെ തന്നെ ഇരിക്കൂറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.