മാസ്‌ക് ധരിച്ചില്ല: യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ ജോജു ജോര്‍ജിനെതിരെ കേസ്, 500 രൂപ പിഴ

കൊച്ചി: നടന്‍ ജോജു ജോര്‍ജിനെതിരായ യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയില്‍ മരട് പോലീസ് കേസെടുത്തു.

ഇന്ധന വിലവര്‍ദ്ധനവിനെതിരായ കോണ്‍ഗ്രസ് സമരത്തിനിടെ മാസ്‌ക് ധരിക്കാതെ പൊതുസ്ഥലത്ത് ആളുകളുമായി ഇടപഴകിയെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പിവൈ ഷാജഹാന്‍ ഡിസിപിക്കു നല്‍കിയ പരാതിയിലാണ് നടപടി.

കേരള എപ്പിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ് പ്രകാരം നടനെതിരെ 500 രൂപ പിഴ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നിലവില്‍ സ്ഥലത്തില്ലാത്തതിനാല്‍ എറണാകുളത്ത് മടങ്ങിയെത്തുമ്പോള്‍ പിഴ അടയ്ക്കാമെന്ന് അറിയിച്ചതായാണ് വിവരം.

സംഘര്‍ഷ സമയത്ത് വാഹനത്തില്‍ നിന്ന് ഇറങ്ങിയപ്പോള്‍ മാസ്‌ക് ധരിച്ചിരുന്നില്ല, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ജോജു ആളുകളുമായി ഇടപഴകി, സംസാരിച്ചു എന്നെല്ലാമാണ് പരാതിയില്‍ ആരോപിക്കുന്നത്.

Exit mobile version