കെഎസ്ആര്‍ടിസിയ്ക്ക് 60 കോടി രൂപ അനുവദിച്ചു: ചൊവ്വാഴ്ച മുതല്‍ ശമ്പളം വിതരണം ചെയ്യും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണത്തിന് 60 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ചൊവ്വാഴ്ച മുതല്‍ ശമ്പളം വിതരണം ചെയ്യും. ഇന്ധന ചിലവില്‍ 10 കോടിയോളം രൂപയുടെ ലാഭം വരുമെന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ 60 കോടി കെഎസ്ആര്‍ടിസിക്ക് നല്‍കിയത്.

ബാക്കി 24 കോടി രൂപ കെഎസ്ആര്‍ടിസിയുടെ ഫണ്ടില്‍ നിന്നു കൂടി ചേര്‍ത്ത് 84 കോടി രൂപ ശമ്പളമായി ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.

ഈ മാസം തന്നെ, കോവിഡ് കാലത്ത് ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും സര്‍ക്കാര്‍ പിടിച്ചിരുന്ന തുകയുടെ അവസാന ഗഡുവായ 7.20 കോടി രൂപ കെഎസ്ആര്‍ടിസിയുടെ ഫണ്ടില്‍ നിന്നും നല്‍കിയിരുന്നു. ഇതോടെ ഈ മാസം കെഎസ്ആര്‍ടിസിയുടെ തനത് ഫണ്ടില്‍ നിന്നും ശമ്പളത്തിന് വേണ്ടി 31.20 കോടി രൂപയാണ് ചിലവഴിച്ചത്.

ശമ്പളം പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് വിവിധ തൊഴിലാളി സംഘടനകള്‍ പണിമുടക്ക് അടക്കമുള്ള സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ അടിയന്തര നടപടി.

Exit mobile version