മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ ഉത്തരവ് റദ്ദാക്കി: ബെന്നിച്ചന്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ 15 മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് തമിഴ്‌നാടിന് അനുമതി നല്‍കിയ ഉത്തരവ് കേരളം റദ്ദാക്കി.
വിവാദ ഉത്തരവിറക്കിയ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്തു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

മുഖ്യമന്ത്രിയും വനംമന്ത്രിയും അറിയാതെ ഉത്തരവിറക്കിയതിനാണ് നടപടി. വിഷയത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടെന്ന സര്‍ക്കാര്‍ വിലയിരുത്തലിന് പിന്നാലെയാണ് നടപടി. പിസിസിഎഫ് റാങ്കിലുള്ള ബെന്നിച്ചന്‍ തോമസ് വനംവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളാണ്. മറ്റു ഉദ്യോഗസ്ഥര്‍ക്ക് വിഷയത്തില്‍ പങ്കുണ്ടോയെന്ന് പരിശോധിക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

ബേബി ഡാം ബലപ്പെടുന്നതിന് വേണ്ടി 15 മരങ്ങള്‍ മുറിക്കാനായിരുന്നു തമിഴ്‌നാടിന് കേരളം അനുമതി നല്‍കിയത്. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ മരംമുറിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവിന് നന്ദിയറിച്ച് കത്തയച്ചതോടെയാണ് മരംമുറിക്കാന്‍ അനുമതി നല്‍കിയ വിവരം പുറത്തറിഞ്ഞത്.

മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ 15 മരങ്ങള്‍ മുറിക്കാനാണ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ തമിഴ്നാടിന് അനുമതി നല്‍കിയത്. ഇതുവിവാദമായതോടെ ഉത്തരവ് റദ്ദാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. ഉത്തരവ് റദ്ദാക്കുന്നതില്‍ നിയമപരമായി തടസമില്ലെന്നാണ് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് നല്‍കിയ നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

Exit mobile version