മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു; ഇടുക്കി അണക്കെട്ടിൽ റെഡ് അലർട്ട്; വൈകുന്നേരത്തോടെ തുറന്നേക്കും

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഇർന്നതോടെ ഷട്ടറുകൾ തുറന്നു. വെള്ളിയാഴ്ച രാവിലെ 7.30-നാണ് അണക്കെട്ടിന്റെ ഒരു സ്പിൽവേ ഷട്ടർ തുറന്നത്. തൊട്ടുപിന്നാലെ രണ്ടാമത്തെ ഷട്ടറും തുറന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് വർധിച്ച് 138 അടി പിന്നിട്ടതോടെയാണ് തമിഴ്നാട് രണ്ട് ഷട്ടറുകൾ തുറന്നത്.

അതിനിടെ, മഴ ശക്തമായാൽ ഇടുക്കി അണക്കെട്ടും വെള്ളിയാഴ്ച വൈകീട്ടോടെ തുറക്കാനാണ് സാധ്യത. അതിനുള്ള ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.32 അടി എത്തിയതോടെ റെഡ് അലർട്ട് നൽകിയിരിക്കുകയാണ്. മുല്ലപ്പെരിയാർ തുറക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങളുടെ ആശങ്കയകറ്റാൻ എല്ലാ വകുപ്പുകളും ഒത്തുചേർന്നാണ് പ്രവർത്തിക്കുന്നത്. രണ്ടായിരത്തിലേറെ കുടുംബങ്ങളെയാണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്.

റവന്യൂമന്ത്രി കെ രാജൻ, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ സാഹചര്യ കണക്കിലെടുത്ത് പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇരുകരകളിലും താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കുക മാത്രമല്ല, ആവശ്യത്തിനു ദുരിതാശ്വാസ ക്യാമ്പുകളും അധികൃതർ തുറന്നിട്ടുണ്ട്.

ഏലപ്പാറ പഞ്ചായത്തിൽ പെരിയാറിന്റെ തീരത്തു താമസിക്കുന്ന 73- കുടുംബങ്ങളെ മാറ്റിയിട്ടുണ്ട്. പഞ്ചായത്ത് സെക്രട്ടറിയും വാർഡ് മെമ്പർമാരും പ്രദേശം സന്ദർശിക്കുകയും തീരദേശവാസികൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുകയുംചെയ്തു.

പെരിയാറിന്റെ തീരങ്ങളിൽ താമസിക്കുന്നവരെ മാറ്റി താമസിപ്പിക്കാനുള്ള ദുരിതാശ്വാസ ക്യാമ്പുകൾ വ്യാഴാഴ്ച രാവിലെ തുറന്നു. പീരുമേട്, ഇടുക്കി, ഉടുമ്പൻചോല താലൂക്കുകളിലെ ഏഴു വില്ലേജുകളിലായി 20 ക്യാമ്പുകളാണ് തുറന്നത്.

വ്യാഴാഴ്ച രാവിലെ വാഹനത്തിൽ ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പും നൽകി. റേഷൻ കാർഡുൾപ്പടെയുള്ള അവശ്യ രേഖകളുമായി സർക്കാർ സജ്ജീകരിച്ച ക്യാമ്പിലേക്കോ സുരക്ഷിത സ്ഥലങ്ങളിലേക്കോ മാറണമെന്നായിരുന്നു അറിയിപ്പ്.

Exit mobile version