ജലനിരപ്പ് താഴ്ന്നു: മുല്ലപ്പെരിയാറിലെ എല്ലാ സ്പില്‍വേ ഷട്ടറുകളും അടച്ചു

ഇടുക്കി: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങിയതോടെ ഡാമിന്റെ തുറന്ന എല്ലാ സ്പില്‍വേ ഷട്ടറുകളും അടച്ചു. 138.50 അടിയാണ് നിലവിലെ ജലനിരപ്പ്.
തമിഴ്നാട് മന്ത്രിമാരുടെ സംഘം ഇന്ന് അണക്കെട്ട് സന്ദര്‍ശിച്ചിരുന്നു, ഇതിന് പിന്നാലെയാണ് ഏഴ് സ്പില്‍വേ ഷട്ടറുകളും അടച്ചത്.

ഇന്ന് 11 മണിയോടെയാണ് മുല്ലപ്പെരിയാറിലെ അവസാന ഷട്ടറും അടച്ചത്. ഘട്ടം ഘട്ടമായാണ് തുറന്നു വെച്ചിരുന്ന എട്ട് ഷട്ടറുകളും തമിഴ്‌നാട് അടച്ചത്. ഇന്നലെ വൈകിട്ട് രണ്ടെണ്ണം അടച്ചു. പിന്നെയുള്ള ആറെണ്ണത്തില്‍ മൂന്നെണ്ണം ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കും താഴ്ത്തി. ഏഴ് മണിക്കുള്ളില്‍ വീണ്ടും രണ്ടെണ്ണം അടച്ചു.

മഴയും നീരൊഴുക്കും കുറഞ്ഞതാണ് ഷട്ടറുകള്‍ അടക്കാന്‍ കാരണം. ഇക്കുറി രണ്ടാം തവണയാണ് തുറന്ന ഷട്ടറുകള്‍ എല്ലാം അടയ്ക്കുന്നത്. നേരത്തെ ഇതു പോലെ അടച്ചതിന് പിന്നാലെ മഴ ശക്തമായതിനെ തുടര്‍ന്ന് വീണ്ടും ഡാം തുറക്കേണ്ടി വരികയായിരുന്നു.

അതിനിടെ ആനയിറങ്കല്‍ ഡാമില്‍ പരമാവധി സംഭരണ ശേഷി കവിഞ്ഞതിനെ തുടര്‍ന്ന് സ്പില്‍വേകളിലൂടെ ജലം ഒഴുകാന്‍ തുടങ്ങി. എട്ട് ഘനയടി വെള്ളമാണ് ഒഴുകുന്നത്. 1207 മീറ്ററാണ് ആനയിറങ്കലിലെ പരമാവധി സംഭരണ ശേഷി. ഇതും പിന്നിട്ട് 25 സെന്റിമീറ്റര്‍ കൂടി ജലനിരപ്പ് ഉയര്‍ന്നതോടെ ഡാമിന്റെ സ്പില്‍വേയിലൂടെ വെള്ളം ഒഴുകുകയായിരുന്നു. ഈ ഡാമിന് ഷട്ടറുകളില്ല എന്നതാണ് പ്രത്യേകത. ആനയിറങ്കലില്‍ നിന്നുള്ള വെള്ളം പൊന്മുടി അണക്കെട്ടിലേക്കാണ് എത്തുക. പൊന്മുടിയും തുറന്ന നിലയിലാണ്.

Exit mobile version