ചക്രസ്തംഭനത്തില്‍ കുടുങ്ങി ഉദ്ഘാടകന്‍ കെ മുരളീധരനും; എത്തിയത് പരിപാടി അവസാനിച്ച ശേഷം!

കോഴിക്കോട്: വര്‍ധിപ്പിച്ച ഇന്ധന നികുതി കേന്ദ്രം കുറച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കാത്തതില്‍ കോണ്‍ഗ്രസ് പ്രതിഷേധകമായി നടത്തിയ ചക്രസ്തംഭന സമരത്തില്‍ കുടുങ്ങി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കോഴിക്കോട്ടെ പരിപാടിയുടെ ഉദ്ഘാടനത്തിന് എത്തേണ്ട അദ്ദേഹം എത്തിയത് പരിപാടി അവസാനിച്ച ശേഷമായിരുന്നു.

കെ. മുരളീധരനായിരുന്നു ഉദ്ഘാടനത്തിന് എത്തേണ്ടിയിരുന്നതെങ്കിലും അദ്ദേഹത്തിന്റെ വാഹനവും സമരത്തില്‍ കുടങ്ങിയതോടെയാണ് സമയത്ത് എത്താനാകാതിരുന്നത്. 11 മണിക്കുതന്നെ മാനാഞ്ചിറയില്‍ പരിപാടി തുടങ്ങിയിരുന്നെങ്കിലും കെ. മുരളീധരന്‍ എത്തിയത് പരിപാടി അവസാനിച്ച് 11.25ഓടെയാണ്.

മുരളീധരന്‍ എത്തിയപ്പോഴേയ്ക്കും സമരപരിപാടി കഴിഞ്ഞ് വാഹനം ഒരു വശത്ത് കൂടി കടത്തിവിടാന്‍ തുടങ്ങിയിരുന്നു. എന്നാല്‍, താന്‍ വൈകിയതല്ലെന്നും എല്ലാവരും സമരത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ വാഹനം നിര്‍ത്തിയിട്ടതാണെന്നും കെ. മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന സര്‍ക്കാരുകള്‍ ഇന്ധന നികുതി കുറക്കാത്തത് എന്തുകൊണ്ടാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ചോദിക്കുന്നത്.

കഴിഞ്ഞ ദിവസം പഞ്ചാബ് സര്‍ക്കാര്‍ വിലകുറച്ചു. മറ്റ് കോണ്‍ഗ്രസ് സര്‍ക്കാരുകളും നികുതി കുറക്കാനിരിക്കുകയാണ്. ഇക്കാര്യമെങ്കിലും കേരള സര്‍ക്കാര്‍ ചെയ്യുമോ എന്ന് കെ. മുരളീധരന്‍ ചോദിക്കുന്നു.

Exit mobile version