ഇന്ന് ചക്രസ്തംഭന സമരം; വാഹനങ്ങൾ നിരത്തിൽ നിർത്തിയിട്ട് കെപിസിസിയുടെ പ്രതിഷേധം

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഇന്ധനവില കുറയ്ക്കണമെന്നാവശ്യപ്പെട്ട് കെപിസിസി ആഹ്വാനം ചെയ്ത ചക്രസ്തംഭനസമരം ഇന്ന്. തിരുവനന്തപുരത്ത് രാവിലെ 11 മുതൽ 11.15 വരെ സെക്രട്ടേറിയറ്റ്-പാളയം-വെള്ളയമ്പലം-രാജ്ഭവൻ റൂട്ടിൽ പ്രവർത്തകർ വാഹനങ്ങൾ നിർത്തിയിട്ട് പ്രതിഷേധിക്കും.

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പരിപാടി ഉദ്ഘാടനം ചെയ്യും. മറ്റു ജില്ലകളിൽ കളക്ടറേറ്റ് റോഡുകളിലായിരിക്കും സമരം. ഗതാഗത തടസ്സമുണ്ടാകാതിരിക്കാൻ പോലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തും.


ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതെയും ഗതാഗതക്കുരുക്ക് ഉണ്ടാകാത്ത വിധത്തിലുമായിരിക്കും പ്രതിഷേധമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

ആംബുലൻസുകളും അവശ്യവാഹനങ്ങളും തടസ്സപ്പെടാതിരിക്കാൻ ക്രമീകരണം ഏർപ്പെടുത്തും. പ്രതിഷേധമുണ്ടാകുന്ന പാതകളിൽനിന്നു സമാന്തര പാതകളിലേക്ക് പോലീസ് വാഹനങ്ങൾ തിരിച്ചുവിടും. ഈ പാതകളിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തും.

Exit mobile version