‘മരക്കാറിന്’ ആമസോണ്‍ പ്രൈം നല്‍കിയത് 90 കോടിയ്ക്ക് മുകളില്‍; റെക്കോര്‍ഡ് തുക

മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയ്ക്ക് ആമസോണ്‍ പ്രൈം നല്‍കിയത് റെക്കോര്‍ഡ് തുകയെന്ന് റിപ്പോര്‍ട്ട്. 90- 100 കോടി രൂപയ്ക്ക് ഇടയില്‍ ചിത്രത്തിനു ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ രാജ്യത്ത് ഒരു സിനിമയ്ക്ക് ഒടിടി പ്ലാറ്റ്‌ഫോം നല്‍കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണ് ഇത്. 90 കോടിയോളം മുതല്‍മുടക്കിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ആമസോണ്‍ നല്‍കുന്നത് മുതലും കഴിഞ്ഞ് ലാഭമാണ്. സാറ്റലൈറ്റ് അവകാശത്തിനു ലഭിക്കുന്ന തുകയും കൂടിയാവുമ്പോള്‍ ചിത്രത്തിന്റെ ലാഭം വര്‍ധിക്കും. ഈ തുക നിര്‍മാതാവിനാണ്.

മരക്കാര്‍ മാത്രമല്ല, ആശിര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന നാല് മോഹന്‍ലാല്‍ ചിത്രങ്ങള്‍ കൂടി ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചിരുന്നു. പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബ്രോ ഡാഡി, ജീത്തു ജോസഫ് അണിയിച്ചൊരുക്കുന്ന ട്വല്‍ത് മാന്‍ എന്നീ ചിത്രങ്ങള്‍ ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെ റിലീസാവും.

ഈ ചിത്രങ്ങള്‍ക്കൊപ്പം ഷാജി കൈലാസിന്റെ എലോണ്‍, പുലിമുരുകന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ഉദയകൃഷ്ണയുടെ സംവിധാനത്തില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയും ഒടിടി റിലീസ് ആയിരിക്കുമെന്നാണ് ആന്റണി അറിയിച്ചത്.

സിനിമ ഒടിടിയില്‍ റിലീസ് ചെയ്യാനുള്ള നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ തീരുമാനത്തിനെതിരെ തിയറ്റര്‍ ഉടമകള്‍ രംഗത്തു വന്നിരുന്നു. പ്രശ്‌ന പരിഹാരത്തിന് സിനിമാ സംഘടനകള്‍ തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സാംസ്‌കാരിക മന്ത്രി സജി ചെറിയാനും ഇടപെട്ടു. ഫിലിം ചേംബറിന്റെ മധ്യസ്ഥതയില്‍ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും നടത്തിയ ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞിരുന്നു.

പല തവണയാണ് ചിത്രം തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടന്നത്. 15 കോടി വരെ അഡ്വാന്‍സ് നല്‍കാം എന്ന് ഫിയോക്ക് നിലപാട് എടുത്തെങ്കിലും കൂടുതല്‍ തുക വേണമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു. പക്ഷേ അത്രയും തുക നല്‍കാന്‍ സാധിക്കില്ലെന്ന് തിയറ്റര്‍ ഉടമകള്‍ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ചിത്രം ഒടിടി റിലീസിലേക്ക് നീങ്ങുകയായിരുന്നു.

Exit mobile version