‘മരക്കാര്‍’ ചെറിയ ബജറ്റ് ചിത്രം: ബാഹുബലിയുമായി താരതമ്യം ചെയ്യരുത്, സ്പില്‍ബര്‍ഗിനോടാണ് മത്സരിച്ചത്; പ്രിയദര്‍ശന്‍

കൊച്ചി: മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയെ ബാഹുബലിയുമായി താരതമ്യം ചെയ്യരുതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ചെറിയ ബജറ്റിലെടുത്ത ചിത്രമാണ് മരക്കാറെന്നും തങ്ങളുടെ എതിരാളി സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ആയിരുന്നെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ഇന്ത്യന്‍ എക്സ്പ്രസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘മറ്റെന്തിനേക്കാളും ബജറ്റിനെ കുറിച്ച് ഞാന്‍ സമ്മര്‍ദത്തിലായിരുന്നു. ബാഹുബലി പോലെയല്ല ഇത്. അവര്‍ക്ക് (ബാഹുബലി ടീം) വലിയ ബജറ്റും ധാരാളം സമയവുമുണ്ടായിരുന്നു. ഞങ്ങള്‍ക്ക് ചെറിയൊരു ബജറ്റായിരുന്നു ഉണ്ടായിരുന്നത്, ഞങ്ങളുടെ അടുത്ത എതിരാളി സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ആയിരുന്നു,”പ്രിയദര്‍ശന്‍ പറഞ്ഞു.

അതേസമയം, സിനിമയ്ക്കെതിരെ ബോധപൂര്‍വം ഡിഗ്രേഡിംഗ് നടക്കുന്നുവെന്ന ആരോപണവുമായി മോഹന്‍ലാല്‍ രംഗത്തെത്തിയിരുന്നു. ഇതുപോലുള്ള സിനിമകള്‍ വന്നാലേ സിനിമയുടെ വീല്‍ മുന്നോട്ട് ചലിക്കൂവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

‘സിനിമ കണ്ടിട്ട് നല്ലതാണെങ്കില്‍ നല്ലതെന്ന് പറയാം മോശമാണെങ്കില്‍ മോശമെന്ന് പറയാം. സിനിമ നല്ലതാണെന്ന് പലരും എഴുതി. പലരും വാനോളം പുകഴ്ത്തി. പക്ഷേ ആദ്യം ഒരു ഡീഗ്രേഡിംഗ് ഉണ്ടായി. അത് ഈ സിനിമയ്ക്ക് മാത്രമല്ല ഒരുപാട് സിനിമയ്‌ക്കെതിരെയും ഉണ്ടായി. ഇതിലൂടെ വലിയൊരു ഇന്‍ഡസ്ട്രിയെ കൊല്ലുകയാണ്. സിനിമ ഇറങ്ങിയതിന്റെ പിറ്റേ ദിവസം തന്നെ ഡീഗ്രേഡ് ചെയ്യുന്നത് സങ്കടമാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.

ഡിസംബര്‍ 2നാണ് മരക്കാര്‍ തിയേറ്ററില്‍ റിലീസ് ചെയ്തത്. ശേഷം ഡിസംബര്‍
17നാണ് ചിത്രം ആമസോണ്‍ പ്രൈമിലും റിലീസ് ചെയ്തു. മോഹന്‍ലാല്‍, നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി, ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.

Exit mobile version