ഇന്ധനവില കുറയ്ക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസിന്റെ ചക്രസ്തംഭന സമരം തിങ്കളാഴ്ച; സംസ്ഥാനം സ്തംഭിപ്പിക്കും

കണ്ണൂർ: ഇന്ധനവിലയിൽ സംസ്ഥാന സർക്കാർ ഇളവുപ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ചക്രസ്തംഭന സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.

തിങ്കളാഴ്ച എട്ടിന് രാവിലെ 11 മുതൽ 11.15 വരെ റോഡിൽ വാഹനങ്ങൾ നിർത്തിയുള്ള പ്രതിഷേധമാണ്. അതത് ഡിസിസികളുടെ നേതൃത്വത്തിൽ ജില്ലകളിൽ സമരം നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെയും ഗതാഗതക്കുരുക്ക് ഇല്ലാതെയുമാണ് സമരമെന്നും സുധാകരൻ പറഞ്ഞു.

ഇന്ധനവിലയിൽ തകർന്നുകിടക്കുന്ന സാധാരണക്കാർക്ക് വേണ്ടിയാണ് സമരം. കേരളം ഭരിക്കുന്ന സിപിഎം ഇത് കാണുന്നില്ല. വിലവർധനയ്‌ക്കെതിരേ നേരത്തേ സമരം നടത്തിയ സിപിഎം, കേന്ദ്രം ഇളവ് നൽകിയാൽ ആനുപാതികമായി കുറയ്ക്കുമെന്ന് പറഞ്ഞിരുന്നു. ആ സർക്കാരിന്റെ ധനമന്ത്രിയാണ് ഇപ്പോൾ തിരിച്ചുപറയുന്നത്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്നപോലെയാണ് ഇവിടെ സിപിഎം എന്നും സുധാകരൻ കുറ്റപ്പെടുത്തി.

സാധാരണക്കാരുടെ നികുതിപ്പണം കൊണ്ട് വികസന ധൂർത്താക്കി മാറ്റുന്ന കെ-റെയിൽ, ജലപാതാ പദ്ധതികളെ കോൺഗ്രസ് എതിർക്കുമെന്ന് സുധാകരൻ പറഞ്ഞു. നികുതി വർധനയിലൂടെ 2000 കോടിയുടെ അധികവരുമാനമാണ് ലഭിച്ചത്. ഇതുവരെ 18,000 കോടി ലഭിച്ചിട്ടും അതിൽ ഒരുശതമാനം പോലും ജനങ്ങൾക്ക് നൽകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

Exit mobile version