ദീപയ്ക്ക് നീതി: എംജി സര്‍വകലാശാല നാനോ സയന്‍സസ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും നന്ദകുമാര്‍ കളരിക്കലിനെ മാറ്റി; വൈസ് ചാന്‍സലര്‍ പകരം ചുമതലയേറ്റു

കോട്ടയം: എംജി സര്‍വകലാശാല നാനോ സയന്‍സസ് സെന്റര്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നന്ദകുമാര്‍ കളരിക്കലിനെ മാറ്റി. സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ സാബു തോമസ് പകരം ചുമതല ഏറ്റെടുത്തു.

ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് നടപടി. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം പരിഗണിച്ചാണ് മാറ്റം. നന്ദകുമാര്‍ വിദേശത്തായതിനാലാണ് ചുമതല മാറ്റിയതെന്നാണ് സര്‍വ്വകലാശാല വിശദീകരണം.

എംജി സര്‍വകലാശാലയില്‍ ഗവേഷണത്തിനെത്തിയ തന്നോട് ജാതീയപരമായ വിവേചനം നന്ദകുമാര്‍ കാണിക്കുന്നുവെന്നായിരുന്നു ഗവേഷക ദീപ മോഹനന്റെ പരാതി. താനൊരു ദളിത് വിദ്യാര്‍ത്ഥിയായതിന്റെ പേരില്‍ തന്നെ ഗവേഷണം പൂര്‍ത്തിയാക്കാന്‍ നന്ദകുമാര്‍ അനുവദിക്കുന്നില്ലെന്നായിരുന്നു ദീപയുടെ ആരോപണം. നന്ദകുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് ദീപ നടത്തിയ നിരാഹാര സമരം ശക്തമായതോടെയാണ് തീരുമാനം.

ദീപക്ക് നീതി ഉറപ്പാക്കാന്‍ വേണ്ടത് സര്‍വ്വകലാശാലയുടെ വിശദീകരണം കിട്ടിയ ഉടനെ ചെയ്യുമെന്ന് മന്ത്രി ആര്‍ ബിന്ദു നേരത്തെ അറിയിച്ചിരുന്നു. ആരോപണവിധേയനായ അദ്ധ്യാപകനെ മാറ്റിനിര്‍ത്തുന്ന കാര്യത്തില്‍ സര്‍വ്വകലാശാലയുടെ തീരുമാനം ഇനിയും നീളുന്ന നില വന്നാല്‍, അധ്യാപകനോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെടാന്‍ സര്‍വ്വകലാശാലാ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

Exit mobile version