കിമ്പളവുമില്ല, ഇനി ശമ്പളവുമില്ല, വീട്ടിൽ വിശ്രമം; ക്രമക്കേട് നടത്താൻ കൈക്കൂലി വാങ്ങിയ എംജി സർവകലാശാല ഉദ്യോഗസ്ഥയെ പിരിച്ചു വിട്ടു

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായ എംജി സർവകലാശാല അസിസ്റ്റന്റ് സിജെ എൽസിക്ക് ഇനി വീട്ടിൽ വിശ്രമിക്കാം. 48കാരിയായ എൽസിയെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. ഒക്ടോബറിലെ ശുപാർശ അടുത്ത് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് പിരിച്ചുവിടാനുള്ള തീരുമാനം കൈകൊണ്ടത്. സിൻഡിക്കേറ്റ് യോഗം ശുപാർശ അംഗീകരിച്ചതിന് പിന്നാലെ എൽസിയെ സർവീസിൽ നിന്നും പിരിച്ചു വിട്ടു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി.

ഈ വർഷം ജനുവരി 29നാണ് വിദ്യാർത്ഥികളിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് എൽസി വിജിലൻസ് പിടിയിലായത്. എൽസി മറ്റു പല കുട്ടികളിൽ നിന്ന് കൂടി പണം വാങ്ങിയെന്ന് വിജിലൻസ് അന്വേഷണത്തിൽ നിന്ന് വ്യക്തമായിരുന്നു. നേരത്തെ സിൻഡിക്കേറ്റ് നിയോഗിച്ച അന്വേഷണ സമിതിയുടെ പരിശോധനയിലും എൽസി പണം വാങ്ങിയെന്ന സൂചന ലഭിച്ചു. എൽസിയുടെ അക്കൗണ്ട് വിവരങ്ങളിൽ നിന്നാണ് വിജിലൻസിന് നിർണായക തെളിവ് കിട്ടിയത്.

നാല് വിദ്യാർത്ഥികളിൽ നിന്ന് വിവിധ ഘട്ടങ്ങളായാണ് എൽസിയുടെ അക്കൗണ്ടിലേക്ക് പണം എത്തിയത്. 2010-2014 ബാച്ചിലെ വിദ്യാർത്ഥികളാണിവർ. പല തവണ പരീക്ഷ എഴുതിയിട്ടും ജയിക്കാത്തവരെ ലക്ഷ്യമിട്ടായിരുന്നു എൽസി തന്റെ നീക്കങ്ങൾ നടത്തിയത്. സാമ്പത്തിക ചുറ്റുപാടും മനസിലാക്കി നിരന്തമുള്ള ഫോൺ സംഭാഷണങ്ങളിലൂടെയാണ് പണമിടപാട് നടത്തിയിരുന്നത്.

2014-2016 ബാച്ചിൽ ഏറ്റുമാനൂർ മംഗളം കോളേജിൽ നിന്ന് എംബിഎ പാസായ വിദ്യാർഥിനിയോട് സർട്ടിഫിക്കറ്റ് വേഗത്തിൽ ലഭിക്കാൻ 30,000 ആവശ്യപ്പെട്ട എൽസി ആദ്യ ഗഡുവായി 15,000 രൂപ വാങ്ങുന്നതിനിടെയാണ് വിജിലൻസിന്റെ പിടിയിലായത്.

Exit mobile version