താഴ്ന്ന ജാതിയെന്ന് പറഞ്ഞ് ക്ഷേത്രത്തില്‍ നിന്നും ഇറക്കിവിട്ടു, യുവതിയെ വീട്ടില്‍ ചെന്നുകണ്ട് മുഖ്യമന്ത്രി സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ജാതിയുടെ പേരില്‍ അന്നദാനത്തിനിടെ യുവതിയെ ക്ഷേത്രത്തില്‍ നിന്നിറക്കിവിട്ട സംഭവം വലിയ വാര്‍ത്തയായിരുന്നു. നരിക്കുറവര്‍ വിഭാഗത്തില്‍പ്പെട്ട അശ്വിനി എന്ന യുവതിയെയാണ് ജാതിയുടെ പേരില്‍ ക്ഷേത്രത്തില്‍ നിന്നും ഇറക്കിവിട്ടത്. അശ്വനിയുടെ വീട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ സന്ദര്‍ശിച്ചു.

അശ്വനിയുടെ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രി കുടുംബാംഗങ്ങളോട് സംസാരിച്ചു. മുത്തുമണി മാലയും പൊന്നാടയും അണിയിച്ചാണ് അശ്വനി സ്റ്റാലിനെ സ്വീകരിച്ചത്. ചങ്കല്‍പേട്ട് ജില്ലയിലെ മാമല്ലപുരത്തെ സ്ഥലശയന ക്ഷേത്രത്തില്‍ നിന്നാണ് താഴ്ന്ന ജാതിക്കാരിയെന്ന് പറഞ്ഞ് അശ്വനിയേയും കുടുംബത്തേയും ഇറക്കിവിട്ടത്.

ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന് പറഞ്ഞ സവര്‍ണ ജാതിക്കാര്‍ ഭക്ഷണം ബാക്കിയുണ്ടെങ്കില്‍ അമ്പലത്തിന് പുറത്തുവെച്ച് നല്‍കാമെന്ന് അശ്വനിയോട് പറയുകയായിരുന്നു. ജാതിവിവേചനത്തിനെതിരെ അശ്വിനി ക്ഷേത്രം അധികാരികളോട് പ്രതികരിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

തുടര്‍ന്ന് ദേവസ്വം മന്ത്രി ശേഖര്‍ ബാബു അശ്വനിയേയും കൂട്ടി ക്ഷേത്രത്തിലെത്തി ഒരുമിച്ച് ഭക്ഷണം കഴിച്ചു. വകുപ്പ് കമ്മീഷണറുടേയും മന്ത്രിയുടേയും നടുവില്‍ കുട്ടിയെ മടിയിലിരുത്തിയാണ് അശ്വിനി ആഹാരം കഴിച്ചത്.

Exit mobile version