വിവാഹത്തിന് പിറ്റേന്ന് സ്വർണാഭരണങ്ങളും പണവുമായി ചേർപ്പിലെ നവവധു കൂട്ടുകാരിക്കൊപ്പം മുങ്ങി; തമിഴ്‌നാട്ടിലെ കറക്കത്തിനിടെ പോലീസ് പിടിയിൽ; വരൻ ആശുപത്രിയിൽ

ചേർപ്പ്: വിവാഹത്തിന് തൊട്ടടുത്തദിവസം ഭർത്താവിനെയും ബന്ധുക്കളെയും കബളിപ്പിച്ച് പണവും സ്വർണാഭരണങ്ങളുമായി നവവധു കൂട്ടുകാരിക്കൊപ്പം കടന്നുകളഞ്ഞു. ആറ് ദിവസം തമിഴ്‌നാട്ടിൽ ചുറ്റിക്കറങ്ങുന്നതിനിടെ അന്വേഷിച്ചെത്തിയ പോലീസിന്റെ പിടിയിലാവുകയും ചെയ്തു. ചേർപ്പ് പോലീസാണ് രണ്ടുപേരെയും മധുരൈയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഒക്ടോബർ 24-ന് കല്യാണം കഴിഞ്ഞ പഴുവിൽ സ്വദേശിയായ ഇരുപത്തിമൂന്നുകാരിയാണ് കൂട്ടുകാരിക്കൊപ്പം പോയത്.

ചാവക്കാട് സ്വദേശിയായ ഭർത്താവിനൊപ്പം ചേർപ്പിലെ ബാങ്കിലെത്തിയ വധു, സ്‌കൂട്ടറിലെത്തിയ കൂട്ടുകാരിയോടൊപ്പം കടന്നുകളയുകയായിരുന്നു. ഭർത്താവിന്റെ ഫോൺ വാങ്ങി, ഉടനെ തിരിച്ചുവരാമെന്നു പറഞ്ഞാണ് സ്‌കൂട്ടറിൽ രണ്ടുപേരും പോയത്. പിന്നീട് യുവതിയും കൂട്ടുകാരിയും തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ സ്‌കൂട്ടർ വെച്ചശേഷം ചെന്നൈയ്ക്ക് ട്രെയിൻ ബുക്ക് ചെയ്തുവെങ്കിലും, ബസിൽ കോട്ടയത്തേക്കും പിറ്റേന്ന് രാവിലെ ട്രെയിനിൽ ചെന്നൈയ്ക്കും പോയി. അവിടെനിന്ന് മധുരൈയിലെത്തി മുറിയെടുത്തശേഷം ചുറ്റിക്കറങ്ങുകയായിരുന്നു.

ഇതിനിടെ, തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ സ്‌കൂട്ടർ ഇരിക്കുന്നതിൽ ആശങ്ക തോന്നി ഇവർ പാലക്കാട് വഴി ടാക്സി വിളിച്ച് തൃശ്ശൂരിലെത്തി. പിന്നീട് രാത്രി പത്തിന് സ്‌കൂട്ടർ എടുത്ത് എറണാകുളം റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് പത്തുദിവസം സൂക്ഷിക്കാനുള്ള പണം നൽകി തിരിച്ച് മധുരൈയിലേക്ക് തന്നെ പോയി. ഇതിനിടെ, ഇവർ മധുരൈയിലെ മുറിയിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് ലോഡ്ജ് നടത്തിപ്പുകാർ ഇവരെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. ഒരു ബന്ധുവിന്റെ ഡ്രൈവിങ് ലൈസൻസ് നമ്പറാണ് ഇവർ നൽകിയിരുന്നത്.

ഇവർ ലോഡ്ജിൽ ഉണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ചേർപ്പ് ഇൻസ്പെക്ടർ ടിവി ഷിബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് ഇവർ താമസിച്ച മുറിക്ക് സമീപം മുറിയെടുത്ത് നിരീക്ഷിച്ച് പിടികൂടിയാണ് നാട്ടിലേക്ക് കൊണ്ടുപോന്നത്.

അതേസമയം, ഭാര്യയെ കാണാതായതിനു പിന്നാലെ നെഞ്ചുവേദനയെത്തുടർന്ന് അവശനായ ഭർത്താവ് ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലാണ്. ചെന്നൈയിൽ തുണിക്കടയിൽ ജോലിചെയ്ത് ജീവിക്കാനായിരുന്നു ഇവരുടെ തീരുമാനമെന്ന് പോലീസ് പറഞ്ഞു. ഇതിനായി കല്യാണത്തിനുമുമ്പേ പോകാനിരുന്നതാണ്. സ്വർണവും പണവും കിട്ടാൻ മാത്രമാണ് യുവതി കല്യാണത്തിന് സമ്മതിച്ചതെന്നും പോലീസ് പറഞ്ഞു.

23കാരിയുടെ വിവാഹം നടത്താനായി വീട് വിറ്റ്, വാടകവീട്ടിലേക്ക് മാറിയാണ് പണം കണ്ടെത്തി വീട്ടുകാർ സ്വർണം വാങ്ങിയതും കല്യാണം നടത്തിയതും. കൂടാതെ, കല്യാണം കഴിഞ്ഞ് 16 ദിവസത്തിനുശേഷം ബന്ധം വേർപ്പെടുത്തിയ കൂട്ടുകാരിയുടെ കൈയിലും പണവും സ്വർണവും ഉണ്ടായിരുന്നു. ഇരുവരേയും കോടതിയിൽ ഹാജരാക്കിയശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.

Exit mobile version